ഇസ്ലാമിനെക്കുറിച്ച് പരാമര്‍ശം; ഫ്രാന്‍സ് പ്രസിഡന്റ് മക്രോണിന്റെ ചിത്രം റോഡില്‍ പതിച്ച് മുംബൈയില്‍ പ്രതിഷേധം

By Web TeamFirst Published Oct 31, 2020, 10:54 AM IST
Highlights

മക്രോണിന്റെ പ്രതികരണത്തില്‍ മുസ്ലീം രാഷ്ട്രങ്ങളും അതൃപ്തി അറിയിച്ചിരുന്നു. റോഡില്‍ നിരനിരയായി മക്രോണിന്റെ നിരവധി ചിത്രങ്ങളാണ് ഒട്ടിച്ചിരിക്കുന്നത്.

മുംബൈ: ഭീകരാക്രമണത്തിന് പിന്നാലെ ഇസ്ലാമിനെതിരെ പ്രതികരിച്ച ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ചിത്രം റോഡില്‍ പതിച്ച് മുംബൈയില്‍ പ്രതിഷേധം. ഇസ്ലാമിനെ പ്രതിസന്ധിയിലുള്ള മതമെന്ന് മാക്രോണ്‍ വിശേഷിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മക്രോണിന്റെ പ്രതികരണത്തില്‍ മുസ്ലീം രാഷ്ട്രങ്ങളും അതൃപ്തി അറിയിച്ചിരുന്നു. റോഡില്‍ നിരനിരയായി മക്രോണിന്റെ നിരവധി ചിത്രങ്ങളാണ് ഒട്ടിച്ചിരിക്കുന്നത്. മുംബൈയിലെ മുഹമ്മദ് അലി റോഡിലാണ് ചിത്രങ്ങള്‍ പതിച്ചിരിക്കുന്നത്. ആളുകള്‍ ഈ ചിത്രങ്ങള്‍ ചവിട്ടിയാണ് നീങ്ങുന്നത്. റോഡിലൂടെ വാഹനങ്ങളും കടന്നുപോകുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ പ്രതിപക്ഷം രംഗത്തെത്തി. ശിവസേന ഇസ്ലാം ഭീകരതയെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ''ഫ്രാന്‍സ് ഇസ്ലാമിക് ഭീകരാക്രണത്തിനെതിരെ സംസാരിക്കുമ്പോള്‍ ഇവിടെ സര്‍ക്കാര്‍ ഇസ്ലാമിക് ഭീകരാക്രണത്തിന് പിന്നില്‍ നില്‍ക്കുന്നു''വെന്ന് ബിജെപി നേതാവ് തിര്‍തി സൊമയ്യ എഎന്‍ഐയോട് പറഞ്ഞു. പൊലീസ് എത്തി മക്രോണിന്റെ പോസ്റ്ററുകള്‍ മാറ്റി. ഇതുവരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം നീസ് നഗരത്തില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരു സ്ത്രീയുടെ തലയറുത്തിരുന്നു.

click me!