ശിവസേനയുടെ നോമിനിയായി ഊര്‍മ്മിള മഹാരാഷ്ട്ര ലജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക്

By Web TeamFirst Published Oct 31, 2020, 10:50 AM IST
Highlights

മഹാരാഷ്ട്രാ സര്‍ക്കാരില്‍ ശിവസേനയുടെ പങ്കാളിയായ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ് ഊര്‍മ്മിള. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെട്ടു. 

മുംബൈ:   ബോളിവുഡ് താരം ഊര്‍മ്മിള മണ്ഡേദ്ക്കര്‍ മഹാരാഷ്ട്ര ലജിസ്‌ളേറ്റീവ് കൗണ്‍സിലില്‍ അംഗം. ശിവസേനാ പ്രതിനിധിയായാണ് കോണ്‍ഗ്രസിന് വേണ്ടി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഊര്‍മ്മിളയുടെ എംഎല്‍സി പ്രവേശനം. ഗവര്‍ണര്‍ ക്വാട്ടയിലാണ് താരം എത്തുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടിയുമായി സംസാരിച്ചെന്നും ശിവസേനാ നോമിനിയാകാന്‍ സമ്മതിച്ചതായും ശിവസേനാ എംപി സഞ്ജയ് റൗത്ത് പറഞ്ഞു. 

മഹാരാഷ്ട്രാ സര്‍ക്കാരില്‍ ശിവസേനയുടെ പങ്കാളിയായ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ് ഊര്‍മ്മിള. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെട്ടു. അതിന് ശേഷം പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകളും വിമര്‍ശനങ്ങളുമെല്ലാം ഉയര്‍ന്ന സ്ഥാനത്ത് ഊര്‍മ്മിള സജീവ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നു തന്നെ പിന്‍വലിയുകയായിരുന്നു. 

എന്നാല്‍ അടുത്തിടെ നടി കങ്കണാറാണത്തും ശിവസേനാ എംപി സഞ്ജയ് റൗത്തും തമ്മിലുള്ള വഴക്കില്‍ പങ്കാളിയായ ഊര്‍മ്മിള മുംബൈയ്ക്ക് വേണ്ടി ശിവസേനയ്ക്ക് അനുകൂലമായി സംസാരിച്ചിരുന്നു.   നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈയെ പാക്ക് അധീന കശ്മീരിനോട് കങ്കണ ഉപമിച്ചതിനെ തുടര്‍ന്നായിരുന്നു വാക് പയറ്റ്. വഴക്കില്‍ പങ്കുചേര്‍ന്ന ഊര്‍മ്മിള കങ്കണയെ രാജസ്ഥാനിലെ റുദാലി (രാജസ്ഥാനില്‍ സവര്‍ണ്ണര്‍ മരണപ്പെടുമ്പോള്‍ വിലപിക്കാന്‍ വേണ്ടി വിളിക്കുന്ന സ്ത്രീകള്‍)യോട് ഉപമിച്ചിരുന്നു. കങ്കണ അനാവശ്യമായി ഇര കളിക്കുകയാണെന്നും സ്ത്രീകാര്‍ഡ് ഇറക്കുകയാണെന്നും കങ്കണ ശരിക്കും പോരാടേണ്ടത് സ്വന്തം സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലെ മയക്കുമരുന്ന് ഭീഷണിയോട് ആണെന്നും ഊര്‍മ്മിള പരിഹസിച്ചിരുന്നു. ഇതോടെ മുംബൈയുടെ അഭിമാനം എന്ന രീതിയില്‍ ഊര്‍മ്മിളയെ ശിവസേന കാണാന്‍ തുടങ്ങിയിട്ടുണ്ട്.

2022 ബിഎംസി തെരഞ്ഞെടുപ്പ് ലക്ഷ്യമിടുന്ന ശിവസേനയ്ക്ക് മറാത്തി മാനിയക്കാരുടെ വോട്ടുബാങ്കിനെ ഏകീകരിക്കാനും മറാത്തി ഇതരരെ പോക്കറ്റിലാക്കാനും ഊര്‍മ്മിളയുടെ സാന്നിദ്ധ്യം തുണയാകുമെന്നാണ് പ്രതീക്ഷ. ശിവസേനയും കോണ്‍ഗ്രസും താരത്തെ ക്ഷണിച്ചിരുന്നെങ്കിലും ആദ്യം സമീപിച്ച ശിവസേനയുടെ വിളി താരം സ്വീകരിക്കുകയായിരുന്നു. 

ഉപരിസഭയിലേക്ക് ഊര്‍മ്മിളയെ നാമനിര്‍ദേശം ചെയ്യുന്നതിലൂടെ വലിയ ലക്ഷ്യമാണ് ശിവസേന മുമ്പോട്ട് വെയ്ക്കുന്നത്. വിദ്യാഭ്യാസമുള്ളയാളും കാലത്തിന് അനുയോജ്യനായ ആളുമായതിനാല്‍ ഊര്‍മ്മിളയ്ക്ക് മുംബൈയിലെ ഉയര്‍ന്ന സമൂഹത്തിനും ചേരിയിലുള്ളവര്‍ക്കും ഒരുപോലെ സ്വീകാര്യത വരുമെന്നാണ് കരുതുന്നത്.

click me!