
കാൺപൂർ: ഒരേ സ്വകാര്യ ക്ലിനിക്കിൽ മുടി മാറ്റിവയ്ക്കൽ ചികിത്സ നടത്തിയ രണ്ട് എഞ്ചിനീയർമാർ മരിച്ചതായി പരാതി. വിനീത് ദുബെ, മായങ്ക് കത്യാർ എന്നീ എഞ്ചിനീയർമാരുടെ മരണത്തിന് പിന്നാലെയാണ് ബന്ധുക്കൾ പരാതി നൽകിയത്. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഡോ. അനുഷ്ക തിവാരിയുടെ എംപയർ ക്ലിനിക്കിൽ ഹെയർ ട്രാൻസ്പ്ലാന്‍റേഷന് എത്തിയവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
വിനീത് ദുബെയുടെ ഭാര്യ ജയ ത്രിപാഠി മുഖ്യമന്ത്രിയുടെ പോർട്ടലിൽ ക്ലിനിക്കിനെതിരെ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. മാർച്ച് 14 ന്, ഡോ. അനുഷ്ക തിവാരിയുടെ ക്ലിനിക്കിൽ മുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം മുഖം വീർത്ത് വേദന അനുഭവപ്പെട്ടെന്ന് ജയ ത്രിപാഠി നൽകിയ പരാതിയിൽ പറയുന്നതായി അഡീഷണൽ ഡിസിപി വെസ്റ്റ് വിജേന്ദ്ര ദ്വിവേദി പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായെന്നും അതിന് മതിയായ ചികിത്സ നൽകാതിരുന്നതാണ് മരണ കാരണമെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 106(1) പ്രകാരം മെയ് 9 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ദുബെയുടെ കേസിന് പിന്നാലെ കുശാഗ്ര കത്യാർ എന്നയാൾ അതേ ക്ലിനിക്കിനെതിരെ വ്യാഴാഴ്ച പൊലീസ് കമ്മീഷണർ അഖിൽ കുമാറിന് പരാതി നൽകി. നവംബർ 18 ന് എംപയർ ക്ലിനിക്കിൽ സഹോദരൻ മായങ്ക് കത്യാർ ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ ചെയ്തെന്നും ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം നെഞ്ചുവേദനയും വീക്കവും അനുഭവപ്പെട്ടെന്നും പരാതിയിൽ പറയുന്നു. അടുത്ത ദിവസം അദ്ദേഹം മരിച്ചു. മായങ്കിന്റെ മുഖം വല്ലാതെ വീർത്തിരുന്നുവെന്നും ക്ലിനിക്കിൽ നിന്ന് ഫറൂഖാബാദിലെ വീട്ടിലേക്ക് മടങ്ങിയ ശേഷം കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടെന്നും സഹോദരൻ പറഞ്ഞു.
വേദനയ്ക്ക് കുത്തിവയ്പ്പ് എടുക്കാൻ ഡോക്ടർ അനുഷ്ക പറഞ്ഞു. പക്ഷേ അത് ആശ്വാസം നൽകിയില്ല. ഹൃദയ സംബന്ധമായ പ്രശ്നങ്ങളൊന്നും കാർഡിയോളജിസ്റ്റിനും കണ്ടെത്താനായില്ല, പക്ഷേ അടുത്ത ദിവസം മരണം സംഭവിച്ചെന്ന് സഹോദരൻ പറയുന്നു. മായങ്ക് കത്യാരുടെ മരണം സംബന്ധിച്ച് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണോ അതോ വിനീത് ദുബെയുടെ കേസുമായി ചേർത്ത് അന്വേഷിക്കണമോ എന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടുമെന്ന് ഡിസിപി വിജേന്ദ്ര ദ്വിവേദി പറഞ്ഞു.
വിനീത് ദുബെയുടെ മരണത്തിന് പിന്നാലെ ഡോ. അനുഷ്ക തിവാരി ഒളിവിലാണ്. ഡോക്ടറെ കണ്ടെത്താൻ രണ്ട് സംഘങ്ങളായി പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് കമ്മീഷണർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam