
മൈസൂര്‍: മൈസൂരില്‍ വാഹന പരിശോധനയെ തുടര്‍ന്ന് പൊലീസ് പിന്തുടർന്നുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. റിങ്റോഡ് ആര്‍എംപി സർക്കിളില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടമുണ്ടായത്. രോഷാകുലരായ ആൾക്കൂട്ടം പൊലീസുകാരെ ആക്രമിച്ചു. എന്നാല്‍, അമിത വേഗതയാണ് അപകടകാരണമെന്നാണ് പൊലീസിന്‍റെ വാദം.
പ്രദേശത്ത് ഹെല്‍മറ്റ് വേട്ടയുടെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അതിക്രമം പതിവാണെന്നാരോപിച്ചാണ് രോഷാകുലരായ ജനക്കൂട്ടം ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ട്രാഫിക് എസ്ഐമാർ സഞ്ചരിച്ചിരുന്ന വാഹനം നാട്ടുകാർ തകർത്ത് തലകീഴായി മറിച്ചിട്ടു. ഉദ്യോഗസ്ഥരെ അടിച്ചോടിച്ചു. രണ്ട് എസ്ഐമാരുൾപ്പടെ പരിക്കേറ്റ മൂന്ന് പൊലീസുകാർ കെആർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച വൈകിട്ടാണ് അക്രമത്തിന് കാരണമായ അപകടം നടന്നത്. റിങ്റോഡ് ആർഎംപി സർക്കിളില്‍ ഹെല്‍മറ്റ് വേട്ടയ്ക്കിടെ നിർത്താതെ പോയ എച്ചിഡികോട്ട സ്വദേശി ദേവരാജന്‍റെ ബൈക്കാണ് പൊലീസ് പിന്തുടർന്നത്. ബൈക്ക് ടിപ്പറിലിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റാണ് ദേവരാജ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുരേഷിനു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയില്‍ ചികിത്സയിലാണ്.
മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് നാട്ടുകാർ ഇന്നലെ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം, അമിത ബൈക്ക് യാത്രികന്‍ അമിത വേഗതയില്‍ പോയതാണ് അപകടത്തിന് കാരണമായതെന്നാണ് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ടിപ്പർ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പ്രത്യേകം അന്വേഷണം തുടങ്ങിയതായും മൈസൂർ ട്രാഫിക് ഡിസിപി അറിയിച്ചു. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 10 പേരെ ഇതുവരെ മൈസൂരു പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam