
ബംഗളൂരു: പേയിംഗ് ഗസ്റ്റായി താമസിക്കുന്ന താമസസ്ഥലത്ത് മൂട്ടയെ കൊല്ലാൻ ഉപോയഗിച്ച കീടനാശിനി ശ്വസിച്ച് 22കാരനായ ബി.ടെക് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയായ പവൻ (22) ആണ് മരിച്ചത്. ബെംഗളൂരു സൗത്ത്-ഈസ്റ്റ് പരിധിയിലെ എച്ച്എഎൽ. പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പിജി യിലാണ് സംഭവം. പവൻ നാട്ടിൽ പോയി തിരികെ വന്നതിന് ശേഷം ഞായറാഴ്ച രാത്രി മുറിയിൽ ഉറങ്ങാൻ കിടക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ പവൻ, മറ്റ് കോഴ്‌സുകൾക്കും അഭിമുഖങ്ങൾക്കുമായി തയ്യാറെടുക്കുന്നതിൻ്റെ ഭാഗമായാണ് ബംഗളൂരുവിൽ താമസിച്ചിരുന്നത്. ഒരാഴ്ച മുൻപ് കുടുംബത്തെ കാണാനായി ഇയാൾ തിരുപ്പതിയിലേക്ക് പോയിരുന്നു. മൂട്ട ശല്യം രൂക്ഷമായതിനെ തുടർന്ന് പിജി. അധികൃതർ ഇയാളുടെ മുറി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കീടനാശിനി സ്പ്രേ ചെയ്തു. ദീർഘദൂര യാത്ര കഴിഞ്ഞെത്തിയ പവൻ മുറിയിൽ കയറുമ്പോൾ കീടനാശിനി അറിഞ്ഞിരുന്നില്ല. ഇയാൾ ഉടൻ തന്നെ ഉറങ്ങാൻ കിടന്നു. അടുത്ത ദിവസം രാവിലെയാണ് മുറിയിലെ മറ്റ് താമസക്കാർ പവനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പിജി ജീവനക്കാർ പൊലീസിലും എമർജൻസി സർവീസുകളിലും വിവരം അറിയിച്ചെങ്കിലും, ആശുപത്രിയിൽ വെച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
എച്ച്എഎൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പിജിയിലെത്തി പരിശോധന നടത്തി. മുറിയിൽ അപ്പോഴും കീടനാശിനിയുടെ രൂക്ഷഗന്ധം ഉണ്ടായിരുന്നു. ശക്തമായ വിഷം തളിച്ചതും വന്റിലേഷന്റെ അഭാവത്തിൽ വായുസഞ്ചാരം കുറഞ്ഞതുമാണ് ശ്വാസംമുട്ടലിന് കാരണമായതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ മുറിയുടെ ജനലുകൾ അടച്ചിട്ടിരുന്നതും വിനയായി. മരണത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പവൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി. ഉപയോഗിച്ച കീടനാശിനിയുടെ സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam