
ദില്ലി: ബി.ജെ.പിക്ക് വേണ്ടി ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നതിനിടെ നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ വിവാദത്തിലായി പരേഷ് റാവൽ. നടന്‍ ബംഗാളികളെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് വൻ വിവാദമായിരിക്കുന്നത്.
നടൻ പരേഷ് റാവലിന്റെ മോശം പരാമർശത്തിന് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് രൂക്ഷമായാണ് പ്രതികരിച്ചത്. പരേഷ് റാവലിന്‍റെ പരാമര്‍ശത്തില്‍ മുന്‍ പാർലമെന്‍റ് അംഗവും സിപിഐഎം നേതാവുമായ മുഹമ്മദ് സലിം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഗുജറാത്തിലെ ജനങ്ങൾ വിലക്കയറ്റം സഹിക്കുമെന്നും എന്നാൽ തൊട്ടടുത്തുള്ള "ബംഗ്ലാദേശികളും രോഹിങ്ക്യകളും" സഹിക്കില്ലെന്നും പരേഷ് റാവൽ ഗുജറാത്തില്‍ ഒരു റാലിയില്‍ പറഞ്ഞു. ഒപ്പം ബംഗാളികള്‍ മത്സ്യം പാചകം ചെയ്യും എന്ന കാര്യത്തേയും പരേഷ് റാവല്‍ പരിഹാസപൂര്‍വ്വം ഉദ്ധരിച്ചതാണ് വിവാദത്തിന് കാരണമായത്.
പരേഷ് റാവലിന്റെ പരാമർശം ബംഗാളികൾക്കെതിരെ മോശം അഭിപ്രായം സൃഷ്ടിക്കുന്നതിനാൽ പരാമര്‍ശത്തില്‍ എഫ്ഐആര്‍ ഇടണമെന്നും നടനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊൽക്കത്തയിലെ തല്‌തല പോലീസ് സ്‌റ്റേഷനിലാണ് സിപിഐഎം പരാതി നല്‍കിയത്.
"ധാരാളം ബംഗാളികൾ സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നുണ്ട്. പരേഷ് റാവൽ നടത്തിയ മോശം പരാമർശങ്ങൾ കാരണം അവരിൽ പലര്‍ക്കും മോശം അനുഭവം ഉണ്ടാകാന്‍ ഇടയുണ്ട്" സിപിഎം നേതാവ് മുഹമ്മദ് സലിം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പരേഷ് റാവലിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ശത്രുത ഉണ്ടാക്കല്‍, മനഃപൂർവ്വം അപമാനിക്കൽ, പൊതു ഇടത്തെ മോശം പെരുമാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്ന് സലിം ആവശ്യപ്പെടുന്നു.
ബംഗാളികളെക്കുറിച്ചുള്ള പരേഷ് റാവലിന്റെ പരാമർശം പശ്ചിമ ബംഗാളിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പരേഷ് റാവലിന്റെ പ്രകോപന പ്രസ്താവനയില്‍ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു.
അതേ സമയം പ്രസ്താവനയില്‍ ക്ഷമാപണം നടത്തിയ പരേഷ് റാവല്‍, തന്‍റെ ഭാഗം വിശദീകരിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. "ബംഗാളികൾ" എന്ന വാക്ക് ഉപയോഗിച്ചപ്പോൾ താൻ ഉദ്ദേശിച്ചത് "അനധികൃത ബംഗ്ലാദേശികളും റോഹിങ്ക്യകളെയും" ആണെന്നാണ് പരേഷ് റാവല്‍ വിശദീകരിക്കുന്നത്. ബംഗാളികളെ അധിക്ഷേപിക്കുന്ന "വിദ്വേഷ പ്രസംഗമായി" ആയി പലരും അതിനെ കണ്ടുവെന്നും നടന്‍ പറയുന്നു.
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ബോംബ് സ്ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു