സെക്യൂരിറ്റി ചെക്കിങിന് ശേഷം നോക്കിയപ്പോൾ ട്രേയിൽ വാച്ച് കാണാനില്ലെന്ന് ഡോക്ടർ; എല്ലാം കള്ളമെന്ന് സിഐഎസ്എഫ്

Published : Jan 26, 2025, 05:59 PM ISTUpdated : Jan 27, 2025, 08:32 PM IST
സെക്യൂരിറ്റി ചെക്കിങിന് ശേഷം നോക്കിയപ്പോൾ ട്രേയിൽ വാച്ച് കാണാനില്ലെന്ന് ഡോക്ടർ; എല്ലാം കള്ളമെന്ന് സിഐഎസ്എഫ്

Synopsis

ആളുകൾ ശ്രദ്ധിക്കട്ടെയെന്ന് കരുതിയാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. എന്നാൽ എല്ലാം നുണയാണെന്ന് പിറ്റേ ദിവസം തന്നെ തെളിഞ്ഞു.

ഡൽഹി: വിമാനത്താവളത്തിലെ സെക്യൂരിറ്റി ചെക്കിങ് സ്ഥലത്തു നിന്ന് വാച്ച് മോഷണം പോയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കുറിപ്പിട്ട ഡോക്ടർ ആരോപിച്ചതെല്ലാം അടിസ്ഥാനരഹിതമാണെന്ന് സിഐഎസ്എഫ് വിശദീകരിച്ചു. ഓർത്തോപീഡിക് സർജനായ ഗുരുഗ്രാമം സ്വദേശി ഡോ. തുഷാർ മേത്തയാണ് ഡൽഹി വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിനുണ്ടായ അനുഭവമെന്ന പേരിൽ കഴിഞ്ഞ ദിവസം എക്സിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ വിമാനത്താവള അധികൃതരും സിഐഎസ്എഫുമൊക്കെ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു.

"വിമാനത്താവളത്തിൽ വെച്ച് സെക്യൂരിറ്റി ചെക്കിങ് സ്ഥലത്ത് തന്റെ ആപ്പിൾ വാച്ച് ഊരി മറ്റ് സാധനങ്ങൾക്കൊപ്പം ട്രേയിൽ വെച്ചു. പരിശോധന കഴിഞ്ഞ് അപ്പുറത്ത് എത്തിയപ്പോൾ സാധനങ്ങൾ ഓരോന്നായി എടുത്ത് ലാപ്‍ടോപ് ബാഗിൽ വെയ്ക്കാൻ തുടങ്ങിയപ്പോഴാണ് എന്തോ ഒന്ന് നഷ്ടമായതായി മനസിലായത്. പരിശോധിച്ചപ്പോൾ തന്റെ വാച്ച് കാണാനില്ലെന്ന് മനസിലായി. അടുത്ത് തന്നെയുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനോട് അന്വേഷിച്ചപ്പോൾ ബാഗിലും പോക്കറ്റിലുമൊക്കെ ഒന്നൂകൂടി നോക്കാൻ പറഞ്ഞു. എന്നിട്ടും വാച്ച് കണ്ടെത്താനായില്ല."

"തുടർന്ന് പരിസരം വീക്ഷിച്ചപ്പോഴാണ് നടന്നുപോകുന്ന ഒരാൾ തന്നെ നോക്കിക്കൊണ്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. സിഐഎസ്എഫുകാരൻ എന്ത് ചെയ്യുന്നുവെന്ന് നോക്കാതെ വേഗം ആ യുവാവിന്റെ അടുത്തേക്ക് നടന്നു. അടുത്ത് തന്നെയുള്ള ഒരു വാച്ച് സ്റ്റോറിന്റെ അടുത്താണ് ഇയാൾ നിന്നിരുന്നത്. യുവാവിനെ തട‌ഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നതിനിടെ അയാളുടെ പോക്കറ്റ് പരിശോധിച്ചപ്പോൾ വാച്ച് കണ്ടെത്തുകയും ചെയ്തു. "

"എന്നാൽ ഈ സമയം സമീപത്തെ വാച്ച് സ്റ്റോറിൽ നിന്ന് ഇറങ്ങി വന്ന ഒരു സെയിൽസ്‍മാൻ കാരണമൊന്നുമില്ലാതെ വിഷയത്തിൽ ഇടപെട്ടു. ഡോക്ടർ യുവാവിന്റെ പോക്കറ്റിൽ നിന്ന് വാച്ച് വലിച്ച് പുറത്തെടുത്തെങ്കിലും ഇയാളും വാച്ച് സ്റ്റോറിലെ സെയിൽസ്‍മാനും ചേർന്ന് ഡോക്ടറെ തടയാൻ ശ്രമിച്ചു. ഇരുവരും പരിചയക്കാരാണെന്ന് അപ്പോഴാണ് ഡോക്ടർക്ക് മനസിലായത്. സ്റ്റോർ ജീവനക്കാരൻ ഡോക്ടറുമായി കയർത്ത് സംസാരിക്കുന്നതിനിടെ വാച്ച് എടുത്തയാൾ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു."

വിമാനത്തിൽ കയറാനുള്ള സമയം ആയതിനാൽ ചെറിയ വാക്ക് തർക്കത്തിന് ശേഷം ഡോക്ടർ അവിടെ നിന്ന് പോയെങ്കിലും ഗേറ്റിലേക്ക് നടക്കുന്നതിനിടെ വാച്ച് സ്റ്റോറിലെ സെയിൽസ്‍മാൻ ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനെയും കൊണ്ട് അവിടെയെത്തി. താൻ അപമര്യാദയായി പെരുമാറിയെന്നും മാപ്പ് പറയണമെന്നുമായിരുന്നു അയാളുടെ ആവശ്യമെന്ന് ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. 

എന്നാൽ ഈ സമയം ഡോക്ടർ തനിക്ക് നേരത്തെ പരിചയമുള്ളതും താൻ ചികിത്സിച്ചിട്ടുള്ളതുമായ ഒരു മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. ഫോൺ മുന്നിലുള്ള ഉദ്യോഗസ്ഥന് കൊടുക്കാൻ അദ്ദേഹം നിർദേശിച്ചു. ഇരുവരും അൽപനേരം സംസാരിച്ചതോടെ സിഐഎസ്എഫുകാരൻ ഒപ്പമുണ്ടായിരുന്ന യുവാവിനൊപ്പം തിരിച്ചുപോയി. ആളുകൾ ശ്രദ്ധിക്കട്ടെയെന്ന് കരുതിയാണ് തന്റെ അനുഭവം വിവരിക്കുന്നതെന്ന് ഡോക്ടർ കുറിച്ചു. 

പിന്നാലെ ഡൽഹി വിമാനത്താവള അധികൃതർ പ്രതികരണവുമായി രംഗത്തെത്തി. സംഭവം ഗൗരവമായി എടുക്കുന്നുവെന്നും യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണനയാണ് നൽകുന്നതെന്നും അറിയിച്ച അധികൃതർ, ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. സിഐഎസ്എഫ് എയർപോർട്ട് സെക്യൂരിറ്റി വിങും ഡോക്ടറിൽ നിന്ന് സംഭവത്തിന്റെ വിശദാംശങ്ങൾ തേടിയിരുന്നു.

പിന്നീടാണ് സംഭവത്തിൽ വലിയ ടിസ്റ്റുണ്ടായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച സിഐഎസ്എഫ്, ഈ ആരോപണം പൂ‍ർണമായി അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തുകയായിരുന്നു. ഡോക്ടർ വാച്ച് ധരിച്ചു കൊണ്ടുതന്നെയാണ് സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് പോയത്. പ്രയാസമൊന്നുമില്ലാതെ വിമാനത്തിൽ കയറി പോവുകയും ചെയ്തു. സിഐഎസ്എഫുകാരോട് അദ്ദേഹം സംസാരിക്കുന്നതേയില്ല. ഇക്കാര്യങ്ങളെല്ലാം സിഐഎസ്എഫ് വിശദീകരിച്ചു. ഇതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത്, അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തിരിക്കുകയാണ് ഡോക്ടർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസ്; അസാധാരണ നീക്കവുമായി സുപ്രീം കോടതി
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; 'അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്',വ്യക്തമാക്കി വ്യോമയാന മന്ത്രാലയം