
ബംഗളൂരു: കിഴക്കൻ ബംഗളൂരുവിൽ ബംഗ്ലാദേശി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നജ്മ (28) എന്ന സ്ത്രീയാണ് മരിച്ചത്. രാമമൂർത്തി നഗറിലെ കൽകെരെ തടാകത്തിനു സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ധാരാളം മുറിവുകൾ ഉണ്ടായിരുന്നെന്നും ഇവർ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കുന്നതായും പൊലിസ് അധികൃതർ അറിയിച്ചു.
നജ്മയുടെ ഭർത്താവ് സുമൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നജ്മയുടെ കൈവശം സാധുവായ പാസ്‌പോർട്ടോ ഇന്ത്യയിൽ താമസിക്കാനുള്ള നിയമപരമായ രേഖകളോ ഇല്ലെന്ന് കണ്ടെത്തിയിട്ടുള്ളതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇക്കാര്യം നജ്മയുടെ സഹോദരനും സമ്മതിച്ചിട്ടുണ്ട്. നജ്മയുടെ ഭർത്താവ് ബി.ബി.എം.പിയിൽ മാലിന്യം വേർതിരിക്കുന്ന ജോലി ചെയ്തുവരികയാണ്. ഇയാൾ ആറുവർഷം മുൻപ് നിയമപരമായാണ് ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. സുമൻ-നജ്മ ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്. ഇവർ ബംഗ്ലാദേശിൽ ബന്ധുക്കളോടൊപ്പം കഴിയുകയാണ്.
വെള്ളിയാഴ്ച രാവിലെയാണ് തടാകത്തിനു സമീപത്തായി ഒരു സ്ത്രീയുടെ മൃതദേഹം കണ്ടതായി വിവരം ലഭിക്കുന്നത്. ഉടൻ തന്നെ രാമമൂർത്തി നഗർ പൊലിസ് സ്റ്റേഷൻ അധികൃതരും ഫോറൻസിക് അദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു. മുഖത്തും കഴുത്തിലും തലയിലും മുറിവുകൾ ഉണ്ടായിരുന്നെന്നും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നു സംശയിക്കുന്നതിനാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും പൊലിസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് വിവരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam