
ദില്ലി: തൃണമൂൽ കോൺഗ്രസിനൊപ്പം ശിവസേന ഉദ്ധവ് വിഭാഗത്തിലും പൊട്ടിത്തെറിക്ക് സാധ്യത. ഒമ്പതിൽ ആറ് എംപിമാരെ ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ ലയിപ്പിക്കാനുള്ള നീക്കം നടക്കുന്നുവെന്നാണ് സൂചന. തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് സുദീപ് ബന്ദോപാധ്യായയും ഇതിനിടെ വിമതർക്കൊപ്പം ബിജെപി നേതൃത്ത്വത്തെ കണ്ടു. തൃണമൂൽ കോൺഗ്രസിലെ വിമത എംപിമാരുടെ കത്ത് ഇന്നലെ പുറത്തു വന്നതിന് പിന്നാലെയാണ് ശിവസേനയിലെ ഭിന്നതയും മറ നീക്കി പുറത്തു വരുന്നത്. ശിവസേന ഉദ്ധവ് വിഭാഗത്തിന് ലോക്സഭയിൽ 9 എംപിമാരാണ് ഉള്ളത്. ഏക്നാഥ് ഷിൻഡെയുടെ ശിവസേനയ്ക്ക് 7 എംപിമാരും. ഉദ്ധവിന്റെ പാർട്ടിയിലെ ആറ് എംപിമാരുമായി ഷിൻഡെ സംസാരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇവർ ഷിൻഡെ വിഭാഗത്തിൽ ലയിക്കാനാണ് ചർച്ച നടക്കുന്നത്. അരവിന്ദ് സാവന്ത്, അനിൽ ദേശായി എന്നീ രണ്ട് എംപിമാർ ഉദ്ധവ് താക്കറെയ്ക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർ കൂറുമാറിയാൽ അത് നരേന്ദ മോദി സർക്കാരിന് ലോക്സഭയിൽ വലിയ മേൽക്കൈ നൽകും.
ഇതിനിടെ മമത ബാനർജിയെ ഞെട്ടിച്ച് ലോക്സഭയിലെ മുതിർന്ന തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായും വിമതരുടെ നീക്കങ്ങൾക്കൊപ്പം ചേർന്നു. ഇന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിനെ സുദീപ് ബന്ദോപാധ്യായ് ദില്ലിയിലെ വീട്ടിലെത്തി കണ്ടു. യഥാർത്ഥ തൃണമൂൽ കോൺഗ്രസെന്ന് അവകാശപ്പെടാൻ സുദീപ് ബന്ദോപാധ്യായയുടെ വരവ് വിമത എംപിമാരെ സഹായിക്കും. തിങ്കളാഴ്ച ലോക്സഭാ സ്പീക്കറെ കണ്ട് പ്രത്യേക ബ്ലോക്കാകാൻ ഇരുപത് എംപിമാർ കത്ത് നൽകും. നിലവിൽ എൻഡിഎ പക്ഷത്ത് 293 എംപിമാരുണ്ട്. വിമത ടിഎംസി കൂടി ചേർന്നാൽ ഇത് 313 ആകും. ശിവസേനയിലെ എംപിമാരെ ചാടിച്ച് ഇത് 320 ആയി ഉയർത്താനാണ് ബിജെപി നീക്കം. ചെറു പാർട്ടികളും സ്വതന്ത്രരും ചേർന്ന് 10 പേർ കൂടി ലോക്സഭയിൽ ഉണ്ട്. ഡിഎംകെയുടെ 22 പേരെ കൂടി കൂടെ നിറുത്താനായാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വനിതാ സംവരണവും മണ്ഡലപുനർനിർണയവും പാസാക്കിയെടുക്കാൻ ബിജെപിക്ക് കഴിയും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam