ദില്ലി: പെഗാസസ് കേസിൽ സുപ്രീംകോടതിയെ നിലപാട് അറിയിക്കാൻ കേന്ദ്ര സര്‍ക്കാര്‍ കൂടിയാലോചനകൾ തുടങ്ങി. സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറലാകും ചൊവ്വാഴ്ച കോടതിയിലെത്തുക. വിവാദങ്ങൾ അനാവശ്യമെന്നും, രാജ്യത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ പരസ്യപ്പെടുത്താനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചേക്കും.
രാഷ്ട്രീയവും നിയമപരവുമായി വെല്ലുവിളികളാണ് പെഗാസസിൽ കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്. പെഗാസസ് ഒരു കെട്ടുകഥ മാത്രമെന്ന പാര്‍ലമെന്‍റിലെ നിലപാട് സര്‍ക്കാരിന് സുപ്രീംകോടതിയിൽ ആവര്‍ത്തിക്കാനാകില്ല. പെഗാസസ് സ്പൈവെയര്‍ വാങ്ങിയോ, ഉപയോഗിക്കുന്നുണ്ടോ, ഉണ്ടെങ്കിൽ എന്തിന് തുടങ്ങിയ കാര്യങ്ങൾ വിശദമാക്കേണ്ടിവരും. പെഗാസസ് നിരീക്ഷണം സത്യമെങ്കിൽ അതീവ ഗൗരവമെന്നായിരുന്നു ചീഫ് ജസ്റ്റിസ് എൻ. വി. രമണ നടത്തിയ പരാമര്‍ശം.
കോടതിക്ക് മുമ്പാകെ എത്തിയ ഹര്‍ജികളെല്ലാം മാധ്യമ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രമാണെങ്കിലും കേസിന്‍റെ ഗൗരവം കോടതി തള്ളുന്നില്ല. റഫാൽ യുദ്ധ വിമാന ഇടപാടിലെ അഴിമതി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വന്നപ്പോൾ രാജ്യത്തിന്‍റെ സുരക്ഷ കണക്കിലെടുത്ത് യുദ്ധവിമാനത്തിന്‍റെ വില വെളിപ്പെടുത്താനാകില്ല എന്നായിരുന്നു സര്‍ക്കാര് നിലപാട്. വില അറിഞ്ഞേ തീരൂ എന്ന് സുപ്രീംകോടതി പറഞ്ഞതോടെ സീൽ വെച്ച കവറിൽ വിവരങ്ങൾ നൽകി. ആ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അതേ തന്ത്രം, ഒരു പക്ഷേ പെഗാസസിലും സര്‍ക്കാര്‍ ആവര്‍ത്തിച്ചേക്കും.
എന്നാൽ റഫാൽ കേസിലെടുത്ത നിലപാടിൽ നിന്ന് പെഗാസസിൽ കോടതിക്ക് മാറ്റമുണ്ടാകുമോ എന്നതും സര്‍ക്കാരിനെ സംബന്ധിച്ച് പ്രധാനമാണ്. അറ്റോര്‍ണി ജനറലുമായി സര്‍ക്കാരിലെ ഉന്നത വ്യക്തികൾ ഇതിനകം ചര്‍ച്ച നടത്തിയെന്നാണ് സൂചന. സുപ്രീംകോടതി മുൻ ജഡ്ജിയുടെ പേരും പെഗാസസ് പട്ടികയിൽ ഉണ്ടെന്ന വെളിപ്പെടുത്തൽ സര്‍ക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു. ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോൾ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് നടപടികൾ നീട്ടിക്കൊണ്ട് പോകാനും സര്‍ക്കാര്‍ ശ്രമിച്ചേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam