പുകയില ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21 ആക്കാന്‍ സാധ്യത

By Web TeamFirst Published Feb 24, 2020, 9:19 AM IST
Highlights

 21 വയസ്സുവരെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കാനാവില്ല. ഇതോടെ കോളേജ് പരിസരത്ത് ഇവയുടെ വിൽപ്പന നിയന്ത്രിക്കാനാവും. 

ദില്ലി: പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള കുറഞ്ഞ നിയമാനുസൃതപ്രായം 21 വയസ്സാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. നിലവില്‍ നിയമപ്രകാരം പുകയില ഉപയോഗിക്കാനുള്ള പ്രായം 18 വയസ്സാണ്. പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികൾ കർശനമാക്കുന്നതിന് സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ടസ് ആക്ട്‌ ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാൻ മന്ത്രാലയം നിയമിച്ച ഉപസമിതിയാണ് ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടു വെച്ചത്. നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നതിനുള്ള പിഴത്തുക കൂട്ടുക, പുകയില ഉത്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാൻ സംവിധാനം കൊണ്ടുവരിക തുടങ്ങിയ നിർദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.

നിർദേശം നടപ്പാകുന്നതോടെ കോളേജുകളിൽ പഠിക്കുന്ന വലിയൊരു വിഭാഗത്തെ പുകവലിയിൽ നിന്ന് പിന്തിരിപ്പിക്കാനാവുമെന്നാണ് സമിതിയുടെ വിലയിരുത്തൽ. 21 വയസ്സുവരെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കാനാവില്ല. ഇതോടെ കോളേജ് പരിസരത്ത് ഇവയുടെ വിൽപ്പന നിയന്ത്രിക്കാനാവും. പൊതുസ്ഥലത്ത് പുകവലിക്കുന്നതിനുള്ള പിഴ കൂട്ടാനും ആലോചനയുണ്ട്. പുകയില ഉത്പന്നങ്ങളുടെ പരസ്യം നൽകിയാലും കനത്ത പിഴ ഈടാക്കാനാണ് തീരുമാനം. പുതിയ നിർദേശങ്ങൾ യുവാക്കളിലെ പുകവലി ശീലം വലിയ തോതിൽ കുറയ്ക്കാനാവുമെന്നാണ്  അധികൃതരുടെ വിലയിരുത്തല്‍.

click me!