Latest Videos

'അഗ്നിപഥ്' സെക്കന്തരാബാദ് സംഘര്‍ഷം; സൈനിക റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രം മുതലാളി അടക്കം അറസ്റ്റില്‍

By Web TeamFirst Published Jun 26, 2022, 9:58 AM IST
Highlights

സുബ്ബ റാബു സൈന്യത്തിലെ മെഡിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്ത് റിട്ടേയര്‍ഡായ വ്യക്തിയാണ്. ഇയാള്‍ 2014 മുതല്‍ അന്ധ്രയിലും, തെലങ്കാനയിലും വിവിധ ഇടങ്ങളില്‍ സൈനിക റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. 

ഹൈദരാബാദ്:  അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ സെക്കന്തരാബാദിലുണ്ടായ സംഘർഷത്തിന് പിന്നിൽ സൈനിക പരിശീലന കേന്ദ്രം . ഉദ്യോഗാർത്ഥികളെ പ്രകോപിപ്പിച്ചത് കോച്ചിങ് സെൻറർ നടത്തിപ്പുകാരനും, മൂന്ന് സഹായികളും അറസ്റ്റില്‍. ശനിയാഴ്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സായി ഡിഫന്‍സ് അക്കാദമി ഉടമ അവുല സുബ്ബ റാവുവും സഹായികളുമാണ് അറസ്റ്റിലായത്. 

നേരത്തെ ഇയാള്‍ക്ക് ആന്ധ്രപൊലീസ് ക്ലീന്‍ചീറ്റ് നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ തെലങ്കാന പൊലീസ് ഇയാള്‍ക്കെതിരെ തെളിവ് കണ്ടെത്തിയെന്നാണ് വിവരം. ഹൈദരാബാദ് നഗരത്തിലെ പ്രാന്ത പ്രദേശത്തെ ഒരു ലോഡ്ജില്‍ ഇരുന്നാണ് ഇയാളും കൂട്ടാളികളും സെക്കന്തരാബാദ് സ്റ്റേഷന്‍ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത് എന്നാണ് ഹൈദരാബാദ് പൊലീസ് പറയുന്നത്.

സുബ്ബ റാബു സൈന്യത്തിലെ മെഡിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്ത് റിട്ടേയര്‍ഡായ വ്യക്തിയാണ്. ഇയാള്‍ 2014 മുതല്‍ അന്ധ്രയിലും, തെലങ്കാനയിലും വിവിധ ഇടങ്ങളില്‍ സൈനിക റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഇയാളുടെ സഹായികളായ മല്ല റെഡ്ഡി, ശിവ കുമാര്‍, ബെസി റെഡ്ഡി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. 29 ഐപിസി, റെയില്‍വേ ആക്ട് 1989 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 

ഇവര്‍ പ്രതിഷേധകാർക്ക് സാമ്പത്തിക സഹായം അടക്കം നൽകി. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. സെക്കന്തരാബാദ് പ്രതിഷേധത്തിനായി പ്രവർത്തിപ്പിച്ചത് 5 വാട്സ്‍ആപ്പ് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയതായും ഹൈദരാബാദ് പൊലീസ് വ്യക്തമാക്കി. 

ചലോ സെക്കന്തരാബാദ് എന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഗ്നിപഥ് നടപ്പായാല്‍ സൈന്യത്തില്‍ പ്രവേശനം ലഭിച്ചേക്കില്ലെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇവര്‍ പ്രചരിപ്പിച്ചിരുന്നു. കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് കാത്തിരുന്ന വിദ്യാര്‍ത്ഥികള്‍ ഇതിനെ തുടര്‍ന്നാണ് സെക്കന്തരാബദില്‍ വ്യാപക പ്രതിഷേധം നടത്തിയത്. 

പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ട്രെയിനുകള്‍ക്കാണ് സെക്കന്തരാബാദിൽ പ്രതിഷേധക്കാര്‍ തീവച്ചത്.  ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, രാജ്കോട്ട് എക്സ്പ്രസ്, അജന്ത എക്സ്പ്രസ് എന്നിവയ്ക്കാണ് തീയിട്ടത്. രാജ്കോട്ട് എക്സ്പ്രസിന്‍റെ A1 കോച്ചിലുണ്ടായിരുന്ന 40 യാത്രക്കാര്‍ തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്. ട്രെയിനിനുള്ളില്‍ നിന്ന് ചരക്ക് സാധനങ്ങള്‍ പുറത്തേക്ക് വലിച്ചിട്ടും പ്രതിഷേധക്കാര്‍ കത്തിച്ചു. റെയില്‍വേ ഓഫീസിലെ ജനല്‍ചില്ലുകളും സ്റ്റാളുകളും അടിച്ചു തകര്‍ത്തിരുന്നു. ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഡി രാകേഷ് എന്ന വാറങ്കല്‍ സ്വദേശി വെടിയേറ്റ് മരിച്ചു. 15 പേർക്ക് പരിക്കേറ്റിരുന്നു.

നൂറിലധികം പൊലീസുകാരുണ്ടായിരുന്നെങ്കിലും ആയിരത്തോളം പ്രതിഷേധക്കാര്‍ ഏഴ് ഗേറ്റുകളിലൂടെ പാഞ്ഞ് എത്തിയതിനാല്‍ രണ്ട് മണിക്കൂര്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന റെയില്‍വേ പൊലീസിന്‍റെ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. മൂന്ന് ട്രെയിനുകള്‍ കത്തിച്ചതിലൂടെ അടക്കം 20 കോടിയുടെ നാശനഷ്ടമുണ്ടായി. പാഴ്സല്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും ബൈക്കുകളും അടക്കം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു. പൊലീസ് വെടിവയ്പ്പില്‍ മരിച്ച വാറങ്കല്‍ സ്വദേശിയും 24 കാരനുമായ രാകേഷും സൈന്യത്തില്‍ ചേരാനുള്ള കായികക്ഷമതാ പരീക്ഷ വിജയിച്ചിരുന്ന ആളാണെന്നും റെയിൽവേ പൊലീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

 അ​ഗ്നിപഥ് പദ്ധതി വഴി ഇന്ത്യൻ എയർഫോഴ്സ് റിക്രൂട്ട്മെന്റ്; അപേക്ഷ നടപടികൾ

കേരളത്തിലും അഗ്നിപഥിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; അസംബ്ലിമണ്ഡലങ്ങളിൽ സത്യാഗ്രഹ സമരം പ്രഖ്യാപിച്ചു

click me!