'അഗ്നിവീറു'കൾക്ക് കൂടുതൽ സംവരണം, പ്രതിരോധ മന്ത്രാലയത്തിൽ അടക്കം ജോലിക്ക് സാധ്യത

By Web TeamFirst Published Jun 18, 2022, 3:04 PM IST
Highlights

പ്രതിരോധ മന്ത്രാലയത്തിലെ പത്തു ശതമാനം ഒഴിവുകൾ അഗ്നിപഥ് പദ്ധതി വഴി വരുന്നവർക്ക് ലഭിക്കും. തീരസംരക്ഷണ സേനയിലും, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിക്ക് സാധ്യതയുണ്ടാകും. 

 ദില്ലി: 'അഗ്നിപഥ്' (Agnipath Scheme) എന്ന പുതിയ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധമാളുമ്പോൾ അഗ്നിവീറുകൾക്ക് കൂടുതൽ സംവരണം പ്രഖ്യാപിച്ച് പ്രതിരോധമന്ത്രാലയവും. ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചതിന് പുറമേയാണ് പ്രതിരോധമന്ത്രാലയവും കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളിലും മന്ത്രാലയത്തിൽത്തന്നെയും ജോലികൾക്ക് സംവരണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിലെ പത്തു ശതമാനം ഒഴിവുകൾ അഗ്നിപഥ് പദ്ധതി വഴി വരുന്നവർക്ക് ലഭിക്കും. തീരസംരക്ഷണ സേനയിലും, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിക്ക് സാധ്യതയുണ്ടാകും. വ്യോമസേനാമന്ത്രാലയവും 'അഗ്നിവീറു'കൾക്ക് സംവരണം പ്രഖ്യാപിച്ചു. 

Raksha Mantri Shri has approved a proposal to reserve 10% of the job vacancies in Ministry of Defence for ‘Agniveers’ meeting requisite eligibility criteria.

— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia)

ഇനിയെന്ത് വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉന്നതതലയോഗം വിളിച്ചിരുന്നു. കരസേനാമേധാവി മനോജ് പാണ്ഡേ, ചീഫ് ഓഫ് എയർ സ്റ്റാഫ് വി ആർ ചൗധരി, ചീഫ് അഡ്മിറൽ ആർ ഹരികുമാർ എന്നിവർ അടക്കം പങ്കെടുത്ത ഉന്നതതലയോഗത്തിൽ പ്രതിഷേധങ്ങൾക്കിടെ റിക്രൂട്ട്മെന്‍റ് നടപടികൾ എങ്ങനെ നടപ്പാക്കണമെന്ന കാര്യം ചർച്ച ചെയ്തു. അഗ്നിവീറുകൾക്ക് പ്രഖ്യാപിച്ച പുതിയ സംവരണപ്രഖ്യാപനത്തിന് പ്രതിരോധമന്ത്രി അംഗീകാരം നൽകി.

അഗ്നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട് സേനയിൽ നിന്ന് നാല് വർഷത്തിന് ശേഷം പുറത്ത് വരുന്ന അഗ്നിവീർ അംഗങ്ങൾക്ക് പിന്നീട് അർദ്ധസൈനികവിഭാഗങ്ങളിലടക്കം ആഭ്യന്തരമന്ത്രാലയം രാവിലെ സംവരണം പ്രഖ്യാപിച്ചെങ്കിലും അതൊന്നും പ്രതിഷേധം തണുപ്പിക്കുന്ന മട്ടില്ല. ബിഹാറിലെ മന്ത്രിമാരുടെ അടക്കം വസതികളിലേക്ക് ആക്രമണമുണ്ടായ സാഹചര്യത്തിൽ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി രാജ്നാഥ് സിംഗിനെ കണ്ടു. 

നിലപാടിലുറച്ച് സേനാമേധാവിമാർ

സേനാമേധാവിമാർ ഈ പദ്ധതി നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. നിലവിൽ മൂന്ന് സേനകളിലെയും ശരാശരി പ്രായം 32 വയസ്സാണ്. ഇത് കുറച്ച് 24 മുതൽ 26 വയസ്സ് വരെ ശരാശരി പ്രായമാക്കി കുറയ്ക്കുകയാണ് ഈ പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. എന്നാൽ നാല് വർഷം സൈനികസേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർ പിന്നെ എന്ത് ചെയ്യുമെന്ന ചോദ്യമാണുയരുന്നത്. 

ആദ്യം 17 മുതൽ 21 വയസ്സ് വരെയുള്ളവർക്ക് സൈനികസേവനത്തിനായി അപേക്ഷിക്കാമെന്ന വിജ്ഞാപനമാണ് പുറത്തിറങ്ങിയതെങ്കിലും പ്രതിഷേധം തുടങ്ങിയതോടെ പ്രായപരിധി 23 വയസ്സാക്കി ഉയർത്തി. ഈ വർഷം 46,000 തൊഴിലവസരങ്ങളാണ് മൂന്ന് സേനകളിലുമായി അഗ്നിപഥ് പദ്ധതി വഴി ഒരുക്കുക. അപ്പോഴും 2018-19 വർഷത്തിൽ കരസേനയിലേക്ക് മാത്രം എൺപതിനായിരത്തോളം പേരെ റിക്രൂട്ട് ചെയ്തിരുന്നുവെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് സമരക്കാർ കനത്ത പ്രതിഷേധവുമായി മുന്നോട്ട് പോകുന്നത്. 

ഉത്തരേന്ത്യൻ ബെൽറ്റിൽ, പ്രത്യേകിച്ച് ബിഹാറിൽ നിന്ന് തുടങ്ങിയ പ്രതിഷേധം ഇന്ന് രാജ്യമെമ്പാടും പടരുകയാണ്. ഇത് തണുപ്പിക്കാനായി, പ്രത്യേകസംവരണമുൾപ്പടെയുള്ള പ്രഖ്യാപനങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്ന് പുറത്തിറക്കിയത്. 

സംവരണ ഉത്തരവ് ഇങ്ങനെ

അഗ്നിവീർ പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകുമെന്ന് ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. ഇതനുസരിച്ച് അർദ്ധസൈനിക വിഭാഗങ്ങളിലെ (Central Armed Police Forces) പത്തു ശതമാനം ഒഴിവുകൾ നാല് വർഷത്തെ സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന അഗ്നിവീറുകൾക്കായി മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിൾസിലും ഇവർക്ക് സംവരണം നല്കും. രണ്ട് അർദ്ധസൈനിക വിഭാഗങ്ങളിലേക്കുള്ള പ്രായപരിധിയിൽ അഗ്നിവീറുകൾക്ക് മൂന്ന് വർഷത്തെ ഇളവ് നൽകും. ഇതോടൊപ്പം ഈ വർഷം മാത്രം അഗ്നിപഥ് വഴി സേനയിൽ ചേരുന്നവർക്ക് 5 വയസ്സിന്‍റെ ഇളവും ലഭിക്കുമെന്നാണ് പ്രഖ്യാപനം. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷം റിക്രൂട്ട്മെന്‍റ് നടന്നിട്ടില്ല എന്നതിനാലാണ് ആദ്യ ബാച്ചിന് മാത്രമായി ഇളവ് നൽകുന്നത്.

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ഇൻഡോ - ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), ശസ്ത്ര സീമാബൽ (എസ്എസ്ബി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) എന്നീ ഫോഴ്സുകളിലായി നിലവിൽ 73,000 പോസ്റ്റുകളാണ് നിലവിൽ ഒഴിവുള്ളത്. 

അഗ്നിപഥ് പദ്ധതിയുടെ ഭാഗമായുള്ള റിക്രൂട്ട്മെന്‍റ് നടപടികള്‍ക്കുള്ള തയ്യാറെടുപ്പുകളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്‍പോട്ട് പോകുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറത്തിറങ്ങും. പിന്നാലെ റാലികളുടെ തീയതി പ്രഖ്യാപിക്കും. ഈ ഡിസംബറില്‍ തന്നെ പരിശീലനം തുടങ്ങും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്നും കരസേന മേധാവി മനോജ് പാണ്ഡെ വ്യക്തമാക്കി.

വലിയൊരു വിഭാഗം യുവാക്കള്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന വാദം ഉയർത്തി അഗ്നിപഥിനെതിരായ രോഷം ശമിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതി കൊണ്ടു വന്നതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച അമിത് ഷാ രാജ്യസേവനത്തിനൊപ്പം യുവാക്കള്‍ക്ക് ശോഭനമായ ഭാവിയുണ്ടാകുമെന്ന് ട്വിറ്ററില്‍ കുറിച്ചു. പ്രായപരിധി 23 ആക്കി ഉയര്‍ത്തിയത് മികച്ച തീരുമാനമാണെന്നും അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി രാജ്നാഥ് സിംഗും പറഞ്ഞു. 

പദ്ധതിയെ കേന്ദ്രം ന്യായീകരിക്കുമ്പോള്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് തിരിഞ്ഞു. രാജ്യത്തിന് വേണ്ടതെന്തെന്ന് പ്രധാനമന്ത്രിക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിരോധ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോഗം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ സംഘര്‍ഷ സാഹചര്യം നിരീക്ഷിക്കുന്ന കേന്ദ്രം ഉദ്യോഗാര്‍ത്ഥികളല്ല പ്രതിപക്ഷ കക്ഷികളാണ് കലാപത്തിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്. 

Read More: പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രം, അഗ്നിവീര്‍ അംഗങ്ങൾക്ക് സംവരണം പ്രഖ്യാപിച്ചു

പ്രതിഷേധം കത്തുന്നു

കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും തുട‍ർച്ചയായി നൽകുന്ന ഉറപ്പുകൾ പക്ഷേ പ്രതിഷേധക്കാർ വിശ്വാസത്തിലെടുക്കാൻ തയ്യാറല്ല, എട്ട് സംസ്ഥാനങ്ങളിൽ വൻ പ്രക്ഷോഭമാണ് നടക്കുന്നത്. ഏറ്റവും കൂടുതൽ പേർ സേനകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിലാണ് പ്രക്ഷോഭം കത്തിപ്പടരുന്നത് എന്നതാണ് ശ്രദ്ധേയം. ബിഹാറിൽ തുടങ്ങിയ പ്രതിഷേധം യുപി, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി പടരുകയാണ്. തെലങ്കാനയിൽ പൊലീസ് വെടിവെപ്പിൽ ഇന്നലെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാത്രിയോടെ ബിഹാറിലെ ലഖ്‍സരായിൽ പ്രതിഷേധക്കാർ കത്തിച്ച ട്രെയിനിനുള്ളിൽ വിഷപ്പുക ശ്വസിച്ച് യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു. 

ഉത്തർ പ്രദേശിൽ ഇതുവരെ പ്രതിഷേധിച്ച 260 പേർ അറസ്റ്റിലായി. യുപിയിൽ അറസ്റ്റിലായത് 507 പേരാണ്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ബിഹാറിൽ പ്രതിപക്ഷ പാർട്ടികൾ ബീഹാർ ബന്ദ് ആചരിക്കുകയാണ്. തെലങ്കാനയിൽ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. 94 എക്സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചർ ട്രയിനുകളുമാണ് സംഘർഷത്തെ തുടർന്ന് ഇന്നലെ റദ്ദാക്കിയത്. 340 ട്രയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

Read More: 'അഗ്നിപഥ് ദേശസുരക്ഷയെ ബാധിക്കുമോ? പരിശോധിക്കണം; പ്രതിഷേധങ്ങളിലും അന്വേഷണം വേണം', സുപ്രീം കോടതിയിൽ ഹര്‍ജി

click me!