നിയമനത്തിനുള്ള പ്രായപരിധിയിൽ 3 വർഷം ഇളവ് നൽകാനും തീരുമാനമായി. ഇതോടൊപ്പം ഈ വർഷം അഗ്നിപഥ് വഴി സേനയിൽ ചേരുന്നവർക്ക് 5 വയസ്സിൻറെ ഇളവും ലഭിക്കും. 

ദില്ലി: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ (Agnipath Scheme) രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ അയഞ്ഞ് കേന്ദ്രം. അഗ്നിവീർ പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. പത്തു ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിൾസിലും സംവരണം നല്കും. നിയമനത്തിനുള്ള പ്രായപരിധിയിൽ 3 വർഷം ഇളവ് നൽകാനും തീരുമാനമായി. ഇതോടൊപ്പം ഈ വർഷം അഗ്നിപഥ് വഴി സേനയിൽ ചേരുന്നവർക്ക് 5 വയസ്സിൻറെ ഇളവും ലഭിക്കും. 

Scroll to load tweet…

ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ അഗ്നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്മെൻറുമായി മുന്നോട്ടു പോകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. നടപടികളുമായി മുന്നോട്ട് പോകാൻ സായുധ സേനകൾക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. വ്യോമസേന നടപടികൾ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികൾ ആരംഭിക്കും.

അഗ്നിപഥ് പ്രതിഷേധം: ബിഹാറില്‍ 12 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം, പട്‍നയില്‍ ജാഗ്രത

അതേ സമയം, പദ്ധതിക്കെതിരായ പ്രതിഷേധം തുടരുകയാണ്. ബീഹാറിൽ ഇതുവരെ 507 പേര്‍ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായി. 
ഏഴുപതിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാറ്റ്ന ഉൾപ്പെടെ റെയിൽവേ സ്റ്റേഷനുകൾക്ക് സുരക്ഷ കൂട്ടി. ബിഹാറിലെ ലഖിസാരായിൽ പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരൻ മരിച്ചു. പുക ശ്വസിച്ച് കുഴഞ്ഞു വീണ ഇയാൾ ചികിത്സയിലായിരുന്നു. വലിയ പ്രതിഷേധങ്ങൾ മുന്നിൽ കണ്ട് കൂടുതൽ പൊലീസുകാരെ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ഉത്തർ പ്രദേശിൽ പ്രതിഷേധിച്ച 260 പേർ അറസ്റ്റിലായി. നാല് ജില്ലകളിലായി 6 എഫ്ഐആറുകൾ രെജിസ്റ്റർ ചെയ്തു. ഹരിയാനയിലും ബിഹാറിലും ഇന്റർനെറ്റിനുള്ള വിലക്ക് തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ബിഹാറിൽ പ്രതിപക്ഷ പാർട്ടികൾ ബീഹാർ ബന്ദ് ആചരിക്കുകയാണ്. തെലങ്കാനയിൽ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. 94 എക്സ്പ്രസ് ട്രെയിനുകളും 140 പാസഞ്ചർ ട്രയിനുകളുമാണ് സംഘർഷത്തെ തുടർന്ന് ഇന്നലെ റദ്ദാക്കിയത്. 340 ട്രയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യൻ റെയിൽ വേ അറിയിച്ചു.

അഗ്നിപഥ് പ്രതിഷേധം: 340 ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചതായി റെയില്‍വേ