
ദില്ലി: അഗ്നിപഥ് വഴി വ്യോമസേനയിലേക്ക് അപേക്ഷിച്ചത് റെക്കോർഡ് അപേക്ഷകരെന്ന് സൈനിക വൃത്തങ്ങൾ. ഏഴ് ലക്ഷത്തി നാൽപ്പതിയൊമ്പതിനായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയൊമ്പത് (7,49,899) പേരാണ് പദ്ധതി വഴി സൈന്യത്തിൽ പ്രവേശനം നേടാൻ അപേക്ഷ സമർപ്പിച്ചത്. പദ്ധതിക്കായി വ്യോമസേനയിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഇന്നലെ അവസാനിച്ചിരുന്നു. ഒറ്റത്തവണ റിക്രൂട്ട്മെന്റിനായി 6,31,528 പേർ അപേക്ഷിച്ചതാണ് വ്യോമസേനയിലെ റെക്കോർഡ്.
ഹ്രസ്വ സൈനിക സേവനത്തിന് നാവിക സേനയിലേക്ക് അപേക്ഷിച്ചവരിൽ പതിനായിരം പേർ വനിതകളാണെന്ന വിവരം ഇന്നലെ പുറത്ത് വന്നിരുന്നു. 3 ദിവസത്തിനിടെയാണ് ഇത്രയേറെ വനിതകൾ അപേക്ഷിച്ചതെന്ന് നാവികസേന വ്യക്തമാക്കിയിരുന്നു. നാവിക സേനയിൽ ഓഫീസർ റാങ്കിന് താഴെ വനിതകൾക്ക് അവസരം ലഭിക്കുന്നത് ആദ്യമായാണ്. അഗ്നിപഥ് പദ്ധതി വഴി നിയമിക്കുന്നവരെ പരിശീലനം പൂർത്തിയാക്കിയ ശേഷം സെയ‍്‍ലർ തസ്തികയിൽ യുദ്ധ കപ്പലുകളിൽ അടക്കം നിയമിക്കുമെന്ന് നാവിക സേന വ്യക്തമാക്കിയിട്ടുണ്ട്.
അഗ്നിപഥ് പദ്ധതിക്കെതിരായ ഹർജികളിൽ അടുത്താഴ്ച വാദം കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ പേരിൽ ആർമി നേരത്തെ നടത്തിയ സെലക്ഷൻ നടപടികൾ റദ്ദാക്കിയതിനെതിരെ ഉദ്യോഗാർത്ഥികളിൽ ചിലരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടയിൽ, അഗ്നിപഥ് പദ്ധതിയെ ശക്തമായി പ്രതിരോധിക്കാൻ ബിജെപി ദേശീയ നിർവാഹക സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. പദ്ധതിക്ക് അനുകൂലമായി ബിജെപിയും യുവമോർച്ചയും പ്രചാരണം നടത്താനാണ് തീരുമാനം. 10 ലക്ഷം തൊഴിലവസരങ്ങൾ എന്ന പ്രഖ്യാപനത്തിൽ ഊന്നി പ്രചാരണം ശക്തമാക്കാൻ ദേശീയ നിർവാഹക സമിതി യോഗം നിർദേശം നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam