
ഡൽഹി: അന്താരാഷ്ട്ര വ്യോമയാന ചട്ടക്കൂടുകൾ കർശനമായി പാലിച്ചാണ് അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതെന്നും, വരാനിരിക്കുന്ന ഒക്ടോബറോടെ അന്തിമ അന്വേഷണ റിപ്പോർട്ടിന്‍റെ കരട് തയ്യാറാകുമെന്നും എയർക്രാഫ്റ്റ് ആക്‌സിഡന്‍റെ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സുപ്രീം കോടതിയെ അറിയിച്ചു. അപകടത്തെക്കുറിച്ച് കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നും അന്വേഷണ ഏജൻസി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. അപകടത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ സുമീത് സബർവാളിന്‍റെ പിതാവ് പുഷ്കരാജ് സബർവാളും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സും സമർപ്പിച്ച, സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് എഎഐബി മറുപടി നൽകിയത്.
അപകടത്തെക്കുറിച്ചുള്ള തെളിവ് ശേഖരണങ്ങൾ ഭൂരിഭാഗവും പൂർത്തിയായിക്കഴിഞ്ഞു. ആറ് ആഴ്ചയ്ക്കുള്ളിൽ ബാക്കി സാങ്കേതിക പരിശോധനകൾ കൂടി പൂർത്തിയാകും. തുടർന്ന് വിശകലന ഘട്ടം പൂർത്തിയാക്കി ഒക്ടോബറോടെ അന്തിമ റിപ്പോർട്ടിന്‍റെ കരട് തയ്യാറാക്കും. അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടുന്ന ഗുരുതരമായ അപകടങ്ങളുടെ അന്വേഷണം ആഭ്യന്തരമായ ചട്ടക്കൂടിൽ മാത്രം ഒതുങ്ങുന്നതല്ല. അന്താരാഷ്ട്ര ഉടമ്പടികൾക്ക് വിധേയമായാണ് ഈ അന്വേഷണം നടക്കുന്നത്. ഒരു വിമാനാപകട അന്വേഷണത്തിന്‍റെ ഏക ലക്ഷ്യം ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുക എന്നതും വ്യോമയാന സുരക്ഷ വർദ്ധിപ്പിക്കുക എന്നതുമാണ്. ആർക്കെങ്കിലും മേൽ കുറ്റമോ ക്രിമിനൽ ബാധ്യതയോ ചുമത്തുകയല്ല ഈ അന്വേഷണത്തിന്‍റെ ലക്ഷ്യമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
2025 ജൂൺ 12-നാണ് രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് 241 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യയുടെ AI-171 ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് തകർന്നുവീണത്. പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനത്താവളത്തിന് സമീപമുള്ള ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 241 പേരും (229 യാത്രക്കാരും 12 ജീവനക്കാരും) ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന 19 പേരും ഉൾപ്പെടെ ആകെ 260 പേർ ദുരന്തത്തിൽ മരണപ്പെട്ടിരുന്നു.
വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ആയതാണ് എൻജിനുകളിലേക്കുള്ള ഇന്ധനമൊഴുക്ക് തടസ്സപ്പെടാനും അപകടത്തിനും കാരണമായതെന്ന് AAIB-യുടെ പ്രാഥമിക റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇത് പൈലറ്റിന്‍റെ പിഴവാണെന്ന രീതിയിൽ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ വരികയും ചെയ്തു. എന്നാൽ, അപകടത്തിൽ പൈലറ്റിന് പിഴവ് സംഭവിച്ചിട്ടില്ലെന്നും അതിന്‍റെ ഭാരം കുടുംബം ചുമക്കേണ്ടതില്ലെന്നും സുപ്രീം കോടതി മുൻപ് കേസ് പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam