
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. മമതാ ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തനും പാർട്ടിയിലെ മുതിർന്ന നേതാവുമായ മദൻ മിത്ര എം.എൽ.എ വിമത ക്യാമ്പിലേക്ക് ചേക്കേറി. നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി നയിക്കുന്ന വിമത വിഭാഗത്തിലേക്കാണ് മാറ്റം. മമത നയിക്കുന്ന തൃണമൂൽ വിഭാഗത്തിലെ എല്ലാ സംസ്ഥാന-ദേശീയ സംഘടനാ ചുമതലകളിൽ നിന്നും, നിയമസഭയിലെ ചീഫ് വിപ്പ് പദവിയിൽ നിന്നും താൻ രാജിവെക്കുന്നതായി കമാർഹതി എംഎൽഎയായ മദൻ മിത്ര പ്രഖ്യാപിച്ചു.
ഋതബ്രത ബാനർജിയുമായി നിയമസഭയിലെ ഓഫീസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മദൻ മിത്ര കൂറുമാറ്റം പ്രഖ്യാപിച്ചത്. 'ഞാൻ എന്റെ മുറി മാത്രമാണ് മാറിയത്, വീട് മാറിയിട്ടില്ല. ഞാൻ ഇപ്പോഴും തൃണമൂലിൽ തന്നെയുണ്ട്,' - എന്നായിരുന്നു മദൻ മിത്ര പ്രതികരിച്ചത്. മമത ബാനർജിയോട് ബഹുമാനമുണ്ടെങ്കിലും പാർട്ടിയെ നയിക്കുന്ന രീതിയിൽ യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണം അഭിഷേക് ബാനർജിയാണെന്നും, ഹിറ്റ്‌ലറെപ്പോലെ വിമാനത്തിൽ നിന്നിറങ്ങി ഉത്തരവുകൾ നൽകുന്ന ശൈലിയാണ് അഭിഷേകിന്റേതെന്നും മദൻ മിത്ര രൂക്ഷമായി വിമർശിച്ചു.
മുനിസിപ്പാലിറ്റി നിയമന കോഴക്കേസുമായി ബന്ധപ്പെട്ട് മദൻ മിത്രയുടെ ഭാര്യയെയും രണ്ട് മക്കളെയും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രാഷ്ട്രീയ നീക്കം. എന്നാൽ തന്റെ തീരുമാനത്തിന് ഇഡി സമൻസുമായി യാതൊരു ബന്ധവുമില്ലെന്ന് മിത്ര വ്യക്തമാക്കിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് രൂപീകരണ കാലം മുതൽ മമതയുടെ സന്തതസഹചാരിയായിരുന്ന മദൻ മിത്ര. ഇദ്ദേഹത്തിൻ്റെ കൂറുമാറ്റം മമത ബാനർജി പക്ഷത്തിന് വലിയ ആഘാതമാണ്. ജൂലൈ നാലിന് മറ്റൊരു പ്രമുഖ നേതാവായ ചന്ദ്രിമ ഭട്ടാചാര്യയും വിമത പക്ഷത്തേക്ക് മാറിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam