വൻ തിരിച്ചടി, അഹമ്മദാബാദിൽ കത്തിയ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാർ, അമേരിക്കയിലേക്ക് അയച്ചേക്കും

Published : Jun 19, 2025, 11:25 AM ISTUpdated : Jun 19, 2025, 11:44 AM IST
black box

Synopsis

കൂടുതൽ പരിശോധനയ്ക്കും വേണ്ടി ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയച്ചേക്കും. അങ്ങനെയെങ്കിൽ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കാനാണ് സാധ്യത.

ദില്ലി : അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാറുണ്ടായെന്ന് റിപ്പോർട്ട്. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് കേടുപാട് പറ്റിയത്. തകരാറ് സംഭവിച്ച സാഹചര്യത്തിൽ തദ്ദേശീയ സംവിധാനങ്ങൾ വഴി ഡാറ്റ വീണ്ടെടുക്കാൻ ബുദ്ധിമുട്ടുണ്ടായേക്കും. ഈ സാഹചര്യത്തിൽ വിവരങ്ങൾ വീണ്ടെടുക്കാനും കൂടുതൽ പരിശോധനയ്ക്കും വേണ്ടി ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയച്ചേക്കും. അങ്ങനെയെങ്കിൽ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കാനാണ് സാധ്യത. ഇക്കാര്യത്തിൽ സർക്കാർ ഉടൻ അന്തിമ തീരുമാനം എടുത്തേക്കും. 

രണ്ട് ഉപകരണങ്ങൾ ചേർന്നതാണ് 'ബ്ലാക്ക് ബോക്സ്'. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (സിവിആർ), ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ, അല്ലെങ്കിൽ എഫ്ഡിആർ. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് തകരാറുണ്ടായത്. 

തകർന്ന എയർ ഇന്ത്യ വിമാനത്തിൽ നിന്ന് കണ്ടെടുത്ത 'ബ്ലാക്ക് ബോക്സ്' വാഷിംഗ്ടണിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിലേക്ക് പരിശോധനയ്ക്കായി അയച്ചേക്കുമെന്നാണ് വിവരം. 'ബ്ലാക്ക് ബോക്സ്' യുഎസിലേക്ക് അയച്ചാൽ, എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഒരു സംഘം ബ്ലാക്ക് ബോക്സിനൊപ്പം പോകുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലാണ് എയർ ഇന്ത്യ ഫ്ലൈറ്റ് തകർന്നുവീണത്. ഉച്ചയ്ക്ക് 1:40 ന് മേഘാനി നഗറിലെ ഒരു മെഡിക്കൽ കോളേജ് ഹോസ്റ്റൽ സമുച്ചയത്തിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. പിന്നാലെ വൻ തീപിടുത്തമുണ്ടായി. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.  മരിച്ചവരിൽ 202 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതുവരെ 158 മൃതദേഹങ്ങളാണ് കുടുംബങ്ങൾക്ക് കൈമാറിയത്. തകർന്ന് 28 മണിക്കൂറിന് ശേഷമാണ് വിമാനത്തിന്റെ 'ബ്ലാക്ക് ബോക്സ്' കണ്ടെടുത്തത്.  

 

PREV
Read more Articles on
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ