
ദില്ലി: അഹമ്മദാബാദ് വിമാനാപകടം സംബന്ധിച്ച് പാർലമെന്റിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി വ്യോമയാനമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. എല്ലാവർക്കും ഒരുപോലെ സഹായധനം നൽകും. യാത്രക്കാർക്കും ഹോസ്റ്റസുമാർക്കും ഒരേ പരിഗണന നൽകും. സത്യത്തിനൊപ്പം നിൽക്കണമെന്ന് പറഞ്ഞ മന്ത്രി അന്തിമ റിപ്പോർട്ട് വരും വരെ നിഗമനങ്ങളരുതെന്നും ആവശ്യപ്പെട്ടു.
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അന്തിമ റിപ്പോർട്ട് വരും വരെ കാക്കണമെന്ന് പാർലമെന്റിലും ആവർത്തിച്ചു. വിദേശമാധ്യമങ്ങളുടെ അടക്കം വ്യാഖ്യാനങ്ങൾ തള്ളിയ മന്ത്രി, അന്താരാഷ്ട്ര പ്രോട്ടോക്കോൾ അനുസരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും, തീർത്തും സുതാര്യമായി നടപടികൾ പൂർത്തിയാക്കുമെന്നും ഉറപ്പ് നൽകി. അന്തിമ റിപ്പോർട്ട് അനുസരിച്ച് കർശനമായ നടപടികളെടുക്കും. പ്രാഥമിക അന്വേഷണം മാത്രമാണ് പൂർത്തിയായിട്ടുള്ളത്.
നിർണായക വിവരങ്ങളടങ്ങിയ ബ്ലാക്ബോക്സിന് പരിക്കേറ്റിട്ടുണ്ടെങ്കിൽ വിവരങ്ങൾ എടുക്കാൻ സാധാരണ വിമാനം നിർമ്മിച്ച കമ്പനിയിലേക്കാണ് അയക്കുക. എന്നാൽ ചരിത്രത്തിലാദ്യമായി ബ്ലാക് ബോക്സിലെ വിവര ശേഖരണം ഇന്ത്യയിൽ തന്നെ നടത്താൻ തീരുമാനിച്ചു. വിമാന ദുരന്തത്തിൽ മരിച്ച യാത്രക്കാർക്കും കെട്ടിടത്തിലുണ്ടായിരുന്ന ആളുകള്‍ക്കും ഒരേപോലെ സഹായധനവും ഭാവിയിലെ മറ്റ് സഹായങ്ങളും നൽകുമെന്നും മന്ത്രി രാജ്യസഭയിൽ അറിയിച്ചു.
അതേ സമയം, സഭയിൽ വീണ്ടും ബഹളം. രണ്ട് മണിക്ക് സഭ ചേർന്നപ്പോൾ നടുത്തളത്തിലിറങ്ങി ലോക്സഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. ലോക്സഭ നാല് മണിവരെ നിർത്തിവച്ചു. രാജ്യസഭയിലും കോൺഗ്രസ് ചർച്ചയാവശ്യപ്പെട്ടെങ്കിലും സ്പീക്കർ അനുവദിച്ചില്ല. രാജ്യസഭയിൽ നടപടികൾ തുടരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam