
ദില്ലി: മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിലെ പ്രതി സോനം രഘുവംശി ഷില്ലോങ് ജയിലിൽ പ്രവേശിച്ചിട്ട് ഒരു മാസം കടക്കുന്നു. ഇന്നുവരെ കൃത്യങ്ങളിൽ സോനത്തിന് കുറ്റബോധമില്ലെന്നും കുടുംബാംഗങ്ങളാരും തന്നെ സന്ദർശിച്ചിട്ടില്ലെന്നും വൃത്തങ്ങൾ പറയുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സോനം ജയിലിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു. മറ്റ് വനിതാ തടവുകാരുമായി നന്നായി ഇടപഴകുന്നുണ്ടെന്നും സ്രോതസ്സുകൾ. എല്ലാ ദിവസവും രാവിലെ കൃത്യസമയത്ത് ഉണരുകയും ജയിൽ മാനുവൽ പാലിക്കുകയും ചെയ്യുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അതേ സമയം, സോനം സഹതടവുകാരോടോ ജയിൽ അധികൃതരോടോ തന്റെ കുറ്റകൃത്യത്തെക്കുറിച്ചോ വ്യക്തിജീവിതത്തെക്കുറിച്ചോ സംസാരിക്കാറില്ല. ജയിൽ വാർഡന്റെ ഓഫീസിന് സമീപമാണ് സോനത്തിന്റെ സെൽ. സോനത്തിനൊപ്പം രണ്ട് തടവുകാരുമുണ്ട്. ഇതുവരെ ജയിലിനുള്ളിൽ പ്രത്യേക ജോലികളൊന്നും സോനത്തിന് നൽകിയിട്ടില്ല. എന്നാൽ തയ്യൽ പോലുള്ളവ സോനത്തെ പഠിപ്പിക്കുമെന്നും വൃത്തങ്ങൾ. എല്ലാ ദിവസവും ടിവി കാണാനുള്ള സൗകര്യവും നൽകുന്നുണ്ട്.
ജയിൽ നിയമങ്ങൾ അനുസരിച്ച് സോനത്തിന് കുടുംബാംഗങ്ങളെ കാണാനും സംസാരിക്കാനും അനുവാദമുണ്ട്. എന്നാൽ ആരും അവരെ സന്ദർശിക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. ഷില്ലോങ് ജയിലിൽ ആകെ 496 തടവുകാരുണ്ട്. ഇതിൽ 20 പേർ സ്ത്രീകളാണ്. കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ജയിലിലെ രണ്ടാമത്തെ വനിതാ തടവുകാരിയാണ് സോനം. സിസിടിവി ക്യാമറകൾ വഴിയും നിരീക്ഷിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഭർത്താവായ രാജയെ സോനവും ആൺ സുഹൃത്തും ചേർന്നാണ് കൊലപ്പെടുത്തിയത്. മെയ് 11 ന് വിവാഹിതരായ ദമ്പതികൾ ഹണിമൂൺ യാത്രക്ക് മേഘാലയയിൽ പോയതായിരുന്നു. പിന്നീട് ജൂൺ 2 ന് രാജയുടെ മൃതദേഹം ഒരു മലയിടുക്കിൽ നിന്നും കണ്ടെത്തുകയായിരുന്നു. സോനത്തിന്റെ ആൺ സുഹൃത്ത് രാജ് ഉൾപ്പെടെ ശേഷിക്കുന്ന മൂന്ന് കൊലയാളികളെയും പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam