
ദില്ലി: വികസ്വര രാജ്യങ്ങളിൽ നടക്കുന്ന ആദ്യത്തെ എഐ ആഗോള ഉച്ചകോടിക്ക് വേദിയാകാനൊരുങ്ങി ഇന്ത്യ. നാളെ മുതൽ വെള്ളിയാഴ്ച വരെ ദില്ലിയിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടി ഉദ്ഘാടനം ചെയ്യും. യുകെ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയും എഐ ഉച്ചകോടിക്ക് വേദിയാകുന്നത്.
ഫ്രാൻസ് എഐ ആക്ഷൻ ഉച്ചകോടിയിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ എഐ ഉച്ചകോടി പ്രഖ്യാപിച്ചത്. ഗ്ലോബൽ സൗത്ത് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ആഗോള എഐ ഉച്ചകോടിക്ക് കൂടിയാണ് ഇന്ത്യ വേദിയാകുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബ്രസീൽ പ്രസിഡൻ്റ് ലുല ഡസിൽവ തുടങ്ങി 20 ഓളം രാജ്യതലവന്മാരും ഗൂഗിൾ - ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ, ഗൂഗിൾ ഡീപ്‌മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ്, മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് തുടങ്ങി 100ലധികം കമ്പനികളുടെ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും.
136 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 15000ലധികം ആളുകൾ ഇതുവരെ ഉച്ചകോടിയിൽ പങ്കെടുക്കാൻ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഐ മേഖലയിൽ വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്നതാണ് ഉച്ചകോടിയുടെ പ്രാഥമിക ലക്ഷ്യം. ആരോഗ്യസംരക്ഷണം, കൃഷി, ഭരണം, വിദ്യാഭ്യാസം, ഉല്‍പ്പാദനം തുടങ്ങിയ സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ എഐ സാങ്കേതികവിദ്യകള്‍ എങ്ങനെ ഉപയോഗിക്കാം എന്നതും ഉച്ചകോടിയുടെ പ്രധാന അജണ്ടകളിൽ ഒന്നാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam