ബെംഗളൂരുവിൽ നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കൽ തകൃതിയായി തുടരുന്നു. ഇതുവരെ 430 കിലോമീറ്റർ നടപ്പാതയിലെ കൈയേറ്റം ഒഴിപ്പിച്ചു. നടപടികളിൽ വിട്ടുവീഴ്ചയിലേക്ക് ഡ്രൈവിന് നേതൃത്വം നൽകുന്ന ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. 

ബെംഗളൂരു: ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) യുടെ നേതൃത്വത്തിൽ നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ തകൃതി. ജൂൺ ഒന്നുമുതൽ എട്ടുവരെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് 430 കിലോമീറ്റർ നടപ്പാത തിരിച്ചുപിടിച്ചു. പൊതുജനങ്ങൾക്ക് ഉപയോ​ഗിക്കാനായി നടപ്പാതകൾ സ്വതന്ത്രമാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് ജിബിഎ അറിയിച്ചു. അതേസമയം കൈയേറ്റം ഒഴിപ്പിക്കൽ നടപടികളെ തുടർന്നുള്ള വഴിയോര കച്ചവടക്കാരുടെ ആശങ്കകൾ വ്യാഴാഴ്ച നടന്ന യോ​ഗത്തിൽ മന്ത്രി കൃഷ്ണ ബൈര ഗൗഡ കേട്ടു. സർ‌ക്കാർ പാവപ്പെട്ടവർക്കൊപ്പം ഉണ്ടാകുമെന്നും വഴിയോര കച്ചവടക്കാ‍ർ വരുമാനം നേടണമെന്ന് തന്നെയാണ് തങ്ങളുടെ ആ​ഗ്രഹമെന്നും എന്നാൽ നടപ്പാതകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് അനുസരിക്കാതെ നിർവാഹമില്ലെന്നും ജിബിഎ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബെംഗളൂരുവിലെ 1,500 കിലോമീറ്റർ നീളമുള്ള പ്രധാന റോഡുകളിലെ നടപ്പാതകളിൽ കച്ചവടം ചെയ്യരുതെന്നും അവിടെ കാൽനടയാത്ര സുഗമമായിരിക്കണമെന്നും ജിബിഎ അധികൃത‍ർ വഴിയോര കച്ചവടക്കാരോട് ആവശ്യപ്പെട്ടു. പകരം, ബാക്കിയുള്ള 80-90 ശതമാനം വാർഡ് റോഡുകളിലും കച്ചവടം ചെയ്യാൻ ധാരാളം അവസരങ്ങളുണ്ട്. അവിടെ ബ്രഹത് ബംഗളൂരു മഹാനഗര പാലികെ പൂർണ പിന്തുണ നൽകുമെന്നും അധികൃത‍ർ വ്യക്തമാക്കി.

കച്ചവടക്കാരുടെ ആശങ്കകൾക്ക് മറുപടിയായി, സ്ട്രീറ്റ് വെണ്ടേഴ്സ് ആക്ട് സർക്കാർ നടപ്പിലാക്കുമെന്നും കച്ചവടക്കാരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കുമെന്നും ജിബിഎ അറിയിച്ചു. അർഹരായ വഴിയോര കച്ചവടക്കാർക്ക് പുതിയ തിരിച്ചറിയൽ കാർഡുകൾ നൽകാൻ സുപ്രീം കോടതി അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അവ വേഗത്തിൽ വിതരണം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ജിബിഎ വ്യക്തമാക്കി.

നിലവിലെ നടപടികൾ വഴിയോര കച്ചവടക്കാ‍ർക്ക് മാത്രമല്ല, മറിച്ച് നടപ്പാതകൾ കൈയേറി കച്ചവടം നടത്തുന്ന കടക്കാർക്കും പരസ്യ ബോർഡ് സ്ഥാപിക്കുന്നവർക്കും താൽക്കാലിക ഷെഡ്ഡ് നിർമ്മിക്കുന്നവർ‌ക്കും അടക്കം ബാധകമാണെന്നും ജിബിഎ ചൂണ്ടിക്കാട്ടി. അടുത്ത ഘട്ടമായി നടപ്പാതകളിലെ പാ‍ർക്കിങ്ങും ചെടികളുമടക്കം മറ്റ് തടസ്സങ്ങളും നീക്കം ചെയ്യും.