
ഭോപ്പാൽ : മധ്യപ്രദേശിലെ ഉജ്ജയിനിയിൽ ഷാഹി മസ്ജിദിന്റെ ഭാഗം പൊളിച്ച് നീക്കുന്നതിനെ ചൊല്ലി സംഘർഷത്തിൽ 15 പേര്‍ അറസ്റ്റിൽ. തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നതായാണ് പൊലീസ് പറയുന്നത്. മസ്ജിദ് പൂർണമായി പൊളിച്ചെന്ന എഐ വീഡിയോകൾ പ്രചരിച്ചു. ഈ എഐ വീഡിയോകളുടെ ഉറവിടം അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. റോഡ് വീതികൂട്ടൽ നടപടിക്കിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പൊലീസിന് നേരെ കല്ലേറുണ്ടായതോടെ കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. മസ്ജിദ് കമ്മിറ്റിയും മുനിസിപ്പൽ കോർപ്പറേഷനും ഒത്തുതീർപ്പിലെത്തുമെന്ന് അറിയിച്ചതോടെ ഈ വിഷയത്തിലെ ഹർജി മധ്യപ്രദേശ് ഹൈക്കോടതി തീർപ്പാക്കിയിരുന്നു.
ഉജ്ജയിനിയിലെ ഷാഹി മസ്ജിദിന് സമീപം ഇന്നലെ രാവിലെ മുതൽ സംഘർഷാവസ്ഥയായിരുന്നു. റോഡ് വീതികൂട്ടുന്നതിൻറെ ഭാഗമായി മസ്ജിദിന്റ ഒരു ഭാഗം നീക്കം ചെയ്യാനുള്ള നടപടിയാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മസ്ജിദിന് സമീപം ആളുകൾ സംഘടിച്ചതോടെ പ്രദേശത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. പ്രതിഷേധത്തിനിടെ ചിലർ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ സ്ഥിതി വഷളായി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി. പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ച് സ്ഥിതി നിയന്ത്രണത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
2028ലെ സിംഹസ്ഥ കുംഭമേളയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഉജ്ജയിനിയിൽ റോഡ് വികസന പദ്ധതി. തിരക്കേറിയ നഗരമേഖലകളിൽ ഗതാഗതം സുഗമമാക്കുന്നതിനും തീർഥാടകരുടെ സഞ്ചാരം എളുപ്പമാക്കുന്നതിനുമാണ് റോഡ് വീതികൂട്ടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. പദ്ധതിയുടെ ഭാഗമായി ഷാഹി മസ്ജിദ് ഉൾപ്പെടെ 272 കെട്ടിടങ്ങളുടെ ഭാഗങ്ങൾ പൊളിക്കുന്നുണ്ട്. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് മസ്ജിദിന്‍റെ ഭാഗിക പൊളിക്കൽ ചോദ്യം ചെയ്ത ഹർജികൾ തള്ളിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam