
ഗാന്ധിനഗർ: ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ ബി.ജെ.പിയിൽ നിന്ന് കടുത്ത ഭീഷണിയും സമ്മർദ്ദവും നേരിടുന്നുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് തങ്ങളുടെ എല്ലാ സ്ഥാനാർത്ഥികളെയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ പിൻവലിപ്പിക്കാൻ ബി.ജെ.പി നേതാക്കളും സർക്കാരും ശ്രമിക്കുന്നുവെന്നും സ്ഥാനാർത്ഥികളുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് കോൺഗ്രസിന്റെ നാടകീയ നീക്കം.
തിരഞ്ഞെടുപ്പ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതിക്ക് തൊട്ടുമുമ്പാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ മുഴുവൻ സുരക്ഷിത താവളത്തിലേക്ക് മാറ്റിയത്. ബി.ജെ.പിയും പോലീസും തങ്ങളുടെ സ്ഥാനാർത്ഥികളുടെ വീടുകളിൽ എത്തി പത്രിക പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തുകയാണെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും (ആപ്പ്) കുറ്റപ്പെടുത്തി. സ്വതന്ത്രവും ന്യായവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
അതേസമയം, കോൺഗ്രസിന്റെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ് ബി.ജെ.പി രംഗത്തെത്തി. തോൽവി ഉറപ്പായതോടെയാണ് കോൺഗ്രസ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, സ്വന്തം സ്ഥാനാർത്ഥികളിൽ പാർട്ടി നേതൃത്വത്തിന് വിശ്വാസമില്ലാത്തതുകൊണ്ടാണ് അവരെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നതെന്നും ബി.ജെ.പി വക്താക്കൾ തിരിച്ചടിച്ചു. ഒക്ടോബർ 11-നാണ് ഗാന്ധിനഗർ നഗരസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam