Latest Videos

തമ്മിലടിയിൽ താഴുവീണ എംജിആർ മാളിക; പാർട്ടി ആസ്ഥാനം പൂട്ടി മുദ്ര വയ്ക്കുന്നത് മൂന്നാം തവണ

By Sujith ChandranFirst Published Jul 13, 2022, 2:57 PM IST
Highlights

രണ്ട് വിഭാഗവും അവകാശത്തർക്കം ഉന്നയിക്കുന്ന സാഹചര്യത്തിൽ സെക്ഷൻ 145 പ്രകാരം പാ‍ർട്ടി ആസ്ഥാനത്ത് കടക്കുന്നതിൽ നിന്ന് എല്ലാവരേയും പൊലീസ് തടഞ്ഞിരിക്കുകയാണ്.

ചെന്നൈ: ഇ.പളനിസ്വാമിയും ഒ.പനീർശെൽവവും തമ്മിലുള്ള അധികാരപ്പോര് തെരുവുദ്ധത്തിലെത്തിയ ദിവസമാണ് അണ്ണാ ഡിഎംകെയുടെ സംസ്ഥാന ആസ്ഥാനമായ എംജിആർ മാളിക റവന്യൂ അധികൃതർ പൂട്ടി മുദ്രവച്ചത്. രണ്ട് വിഭാഗവും അവകാശത്തർക്കം ഉന്നയിക്കുന്ന സാഹചര്യത്തിൽ സെക്ഷൻ 145 പ്രകാരം പാ‍ർട്ടി ആസ്ഥാനത്ത് കടക്കുന്നതിൽ നിന്ന് എല്ലാവരേയും പൊലീസ് തടഞ്ഞിരിക്കുകയാണ്. പാർട്ടി ആസ്ഥാനത്തും പരിസരത്തും ഇപ്പോഴും നിരോധനാജ്ഞ നിലനിൽക്കുകയാണ്. നൂറോളം പൊലീസുകാരെ ഇവിടെ സുരക്ഷയ്ക്കായും വിന്യസിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ 11ന് ചെന്നൈയിലെ വാനഗരത്ത് പളനിസ്വാമി വിഭാഗം വിളിച്ചുകൂട്ടിയ പാ‍ർട്ടിയുടെ ജനറൽ കൗൺസിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് പനീർശെൽവം വിഭാഗം ഓഫീസ് ആക്രമിച്ചത്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ നിശ്ചയിച്ച് വിളിച്ചുകൂട്ടിയ യോഗം തടയാൻ പനീർശെൽവം പരമാവധി ശ്രമിച്ചു. നിയമപരമായ വഴികളെല്ലാം തൽക്കാലത്തേക്കെങ്കിലും അടഞ്ഞു എന്ന നില വന്നതോടെയാണ് പനീർശെൽവം ക്യാമ്പ് അറ്റകൈ പ്രയോഗത്തിലേക്ക് നീങ്ങിയത്. കൂട്ടത്തോടെ എത്തിയ ഒപിഎസ് അനുകൂലികൾ എംജിആർ മാളികയുടെ മുൻവാതിൽ തകർത്തു. അനുയായികൾക്കൊപ്പം ഒപിഎസ് ഓഫീസിനുള്ളിൽ പ്രവേശിച്ച് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈ സമയത്ത് ഓഫീസിന് മുന്നിലെ അവ്വൈ ഷൺമുഖം ശാലൈ റോഡിൽ അക്ഷരാർത്ഥത്തിൽ തെരുവുയുദ്ധം നടക്കുകയായിരുന്നു.

കല്ലും കത്തിയും വടിയുമായി പ്രവർത്തകർ ഏറ്റുമുട്ടി, നിരവധി പേർക്ക് പരിക്കേറ്റു, വാഹനങ്ങൾ അടിച്ചുതകർത്തു, അക്രമികൾ അഴിഞ്ഞാടി. ജനറൽ കൗൺസിൽ കഴിഞ്ഞ് കൂട്ടത്തോടെ ഇപിഎസ് അനുയായികൾ കൂടി റോയാപേട്ടിലെ പാർട്ടി ആസ്ഥാനത്തേക്ക് വന്നാൽ ഉണ്ടായേക്കാവുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്താണ് ഉച്ചയോടെ തന്നെ റവന്യൂ അധികൃതർ ഓഫീസ് അടച്ചുപൂട്ടിയത്. ഓഫീസിനുമേൽ അവകാശവാദം ഉന്നയിച്ചും ഓഫീസ് കിട്ടണമെന്ന് ആവശ്യപ്പെട്ടും ഇപിഎസും ഒപിഎസും ഇപ്പോൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഒരുകാലത്ത് തമിഴ്നാടിന്‍റെ രാഷ്ട്രീയ അധികാര സിരാകേന്ദ്രമായിരുന്ന എംജിആർ മാളികയുടെ പൂട്ട് എപ്പോൾ തുറക്കുമെന്ന് ഇനി നീതിപീഢം തീരുമാനിക്കും.

മട്ടുപ്പാവിലെ അഭിവാദ്യമെന്ന അധികാര പ്രസ്താവം

എംജിആർ മാളികയുടെ മട്ടുപ്പാവിൽ നിന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നത് എഐഎഡിഎംകെ നേതൃത്വത്തിന് അഭിമാനകരമായ കീഴ്വഴക്കമാണ്. ഒരു അനുഷ്ടാനം അവർ അനുവർത്തിച്ചുപോന്ന ചര്യ. അത് കേവലമായ ഒരഭിവാദ്യമല്ല, അണികളുടെ ഉറച്ച പിന്തുണക്കുള്ള പ്രത്യഭിവാദ്യത്തിനപ്പുറം ഒരുതരം അധികാര സ്ഥാപനമാണ്. എംജിആറിന്‍റെ കാലത്ത് ഓലമേഞ്ഞതെങ്കിലും പ്രൗഢമായ കെട്ടിടമായിരുന്നു പാർട്ടി ആസ്ഥാനം. പിന്നീടാണ് ഓഫീസ് ഇന്നത്തെ നിലയിൽ പുതുക്കിപ്പണിത് എംജിആർ മാളികൈ എന്ന പേരുനൽകിയത്. ജയലളിത പാർട്ടിയുടെ സർവാധികാര കേന്ദ്രമായിരുന്ന കാലത്ത് എംജിആർ മാളികയുടെ മട്ടുപ്പാവിലെത്തി പ്രവർത്തകരെ പതിവായി അഭിവാദ്യം ചെയ്യുമായിരുന്നു. അവരുടെ കാലശേഷം കുറഞ്ഞ കാലമാണെങ്കിലും വി.കെ.ശശികലയും ആ മട്ടുപ്പാവിൽ നിന്ന് പ്രവർത്തകർക്ക് നേരെ പലവട്ടം കൈവീശിയിട്ടുണ്ട്. പിന്നീട് ഇരട്ട നേതൃത്വം കയ്യാളിയ ഒപിഎസും ഇപിഎസും ഒരുമിച്ചായിരുന്നു മട്ടുപ്പാവിലെ അഭിവാദ്യത്തിന് എത്തിയിരുന്നത്. കഴിഞ്ഞ ദിവസം പ്രവർത്തകരുടെ ഒപ്പം വാതിൽ തകർത്ത് അകത്തുകടന്ന ശേഷം ഒപിഎസ് മട്ടുപ്പാവിലെത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്തിരുന്നു. പാർട്ടി പൂർണമായും ഇപിഎസ് പിടിച്ചെങ്കിലും താൻ പിന്നോട്ടില്ലെന്ന പ്രതീകാത്മകമായ സന്ദേശമാണ് ഇതിലൂടെ ഒപിഎസ് കൊടുത്തത്. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എംജിആർ മാളികയുടെ മട്ടുപ്പാവിൽ നിന്ന് കൈവീശുന്ന സന്ദർഭം നിശ്ചയമായും ഇപിഎസിന്‍റെ ആഗ്രഹമാകും. പക്ഷേ അതിനായി ഇനി അദ്ദേഹത്തിന് കാത്തിരിക്കേണ്ടിവരും.

എംജിആർ മാളിക പൂട്ടി മുദ്ര വയ്ക്കുന്നത് മൂന്നാം തവണ

1957ൽ ജാനകി രാമചന്ദ്രൻ വില കൊടുത്തു വാങ്ങിയ ശേഷം ഭർത്താവ് എംജിആറിന് സമ്മാനമായി നൽകിയ ഭൂമിയിലാണ് സംസ്ഥാന കമ്മിറ്റി ഓഫീസ് പണിതത്. 1972ൽ പാർട്ടി രൂപീകരിച്ച കാലം മുതൽ ഇവിടെത്തന്നെ ആയിരുന്നു പാർട്ടി ആസ്ഥാനം. ഇപ്പോൾ ഉണ്ടായത് അണ്ണാ ഡിഎംകെയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമല്ല. ഇതിനുമുമ്പ് രണ്ട് തവണ പാർട്ടി ആസ്ഥാനം പൂട്ടി മുദ്ര വച്ചിട്ടുണ്ട്. 1988 ജനുവരി 1നും 1990 ആഗസ്റ്റ് 12നും. ഇപ്പോഴത്തേതിന് സമാനമായ അധികാരത്തർക്കങ്ങളിലായിരുന്നു ഇത് രണ്ടും.

ആദ്യം താഴുവീണത് ജയലളിത- ജാനകി രാമചന്ദ്രൻ പോരുകാലത്ത്

മുൻ മുഖ്യമന്ത്രിയും പാർട്ടി സ്ഥാപകനേതാവുമായ എം.ജി.രാമചന്ദ്രന്‍റെ മരണത്തിന് പിന്നാലെ രൂപപ്പെട്ട വിഭാഗീയ തർക്കത്തിലായാരുന്നു ആദ്യം ഓഫീസ് അടച്ചുപൂട്ടിയത്. എംജിആറിന്‍റെ ഭാര്യ ജാനകി രാമചന്ദ്രനും ജയലളിതയുമായിരുന്നു അന്ന് നെടുകെ പിളർന്ന പാർട്ടിയുടെ ഇരുപക്ഷത്തും. എംജിആറിന്‍റെ മരണശേഷം മുഖ്യമന്ത്രിയായ ജാനകി രാമചന്ദ്രന് അധികാരത്തിൽ തുടരാനായത് 24 ദിവസം മാത്രമാണ്. 

കലുഷിതമായ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കേന്ദ്രസർക്കാർ ജാനികി രാമചന്ദ്രൻ സർക്കാരിനെ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെ ജയലളിത സംസ്ഥാന ആസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു. 1988 ജനുവരി 1ന് പാർട്ടി ആസ്ഥാനം പൊലീസ് പൂട്ടി മുദ്രവച്ചു. പിന്നെ ജില്ലാ കോടതി മുതൽ സുപ്രീം കോടതി വരെ നീണ്ട വ്യവഹാരങ്ങളിൽ ജാനകി രാമചന്ദ്രനും ജയലളിതയ്ക്കും മാറിമാറി പാർട്ടി ആസ്ഥാനത്തിലുള്ള താൽക്കാലിക അവകാശം കിട്ടി.

1989ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജാനകി രാമചന്ദ്രൻ നയിച്ച അണ്ണാ ഡിഎംകെ ദയനീയമായി പരാജയപ്പെട്ടു. ജയലളിത പാ‍ർട്ടി നേതൃത്വത്തിലേക്ക് വന്ന സമവായ സമവാക്യങ്ങളുടെ ഭാഗമായി ജാനകി, ജയലളിത വിഭാഗങ്ങൾ ലയിച്ചു. ജയലളിത പാർട്ടി ജനറൽ സെക്രട്ടറിയായി ഉയരുകയും ജാനകി രാഷ്ട്രീയത്തിൽ നിന്ന് നിഷ്കാസിതയാവുകയും ചെയ്തു. അങ്ങനെ എംജിആർ മാളികയുടെ പരമാധികാരം ജയലളിതയിലേക്കെത്തി.

സുബ്ബരാമൻ തിരുനാവക്കരസരുടെ വിമതശ്രമം

1990ലാണ് രണ്ടാമത്തെ വിമതവിപ്ലവശ്രമം നടന്നത്. ജയലളിതയുമായി തെറ്റിപ്പിരിഞ്ഞ് എംജിആർ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ച സുബ്ബരാമൻ തിരുനാവുക്കരസരുടെ നേതൃത്വത്തിൽ 1990 ആഗസ്റ്റ് 12ന് എംജിആർ മാളിക പിടിച്ചെടുക്കാൻ ശ്രമം നടന്നു. ഇരുവിഭാഗവും തമ്മിൽ ഓഫീസിലും പുറത്തും കഴിഞ്ഞ ദിവസം കണ്ടതിന് സമാനമായ സംഘർഷമുണ്ടായി. ഇതേത്തുട‍ർന്ന് നാല് മാസക്കാലത്തോളം ഓഫീസ് പൂട്ടിക്കിടന്നു. ഏതായാലും 1990 ഡിസംബർ 19ന് സുപ്രീം കോടതി എംജിആർ മാളികയുടെ കൈവശാവകാശം ജയലളിതയ്ക്ക് തിരികെ നൽകി. തിരുനാവുക്കരസർ പിന്നീട് അണ്ണാ ഡിഎംകെ വിട്ട് കോൺഗ്രസിലേക്ക് പോയി.

ചരിത്രം ആവർത്തിക്കുന്നു

32 വർഷത്തിന് ശേഷം നടക്കുന്നത് ചരിത്രത്തിന്‍റെ തനിയാവർത്തനം. ഇത്തവണ ഇരുപുറവും എടപ്പാടി കറുപ്പ ഗൗണ്ടർ പളനിസ്വാമിയും ഒറ്റക്കരത്തേവർ പനീർശെൽവവും. ഒരാൾ പാർട്ടിയുടെ ജനറൽ സെക്രട്ടറി, ഒരാൾ പ്രാധമിക അംഗത്വത്തിന് പുറത്ത്. പുറത്തായ പനീർശെൽവം പറയുന്നതാകട്ടെ തന്നെ പുറത്താക്കിയ എടപ്പാടിയെ താൻ പുറത്താക്കിയിരിക്കുന്നു എന്നും! സങ്കീർണമായ സാഹചര്യം പതിവുപോലെ കോടതികളിലേക്ക് നീങ്ങും. തമിഴ്നാട് രാഷ്ട്രീയത്തിലെ ഏറ്റവും നിർണായകമായ ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ എംജിആർ മാളികൈ പൂട്ട് വീണ് പൊലീസ് കാവലിലും തുടരും.

tags
click me!