
ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരത്ത് പിതാവിനോടുള്ള വിദ്വേഷത്തിൻ്റെ പേരിൽ 15-കാരിയായ മകളെ വീട്ടിൽ കയറി തീ കൊളുത്തി കൊന്ന സംഭവത്തിൽ എഐഎഡിഎംകെയുടെ രണ്ട് പ്രാദേശിക നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി. പ്രാദേശിക എഐഡിഎംകെ നേതാക്കളും കൊലപാതക കേസിലെ പ്രതികളുമായ മുരുകൻ, കാളിയ പെരുമാൾ എന്നിവരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
കുട്ടിയുടെ പിതാവ് കടയിൽ നിന്ന് സാധനങ്ങൾ നൽകാത്തതിൻറെ പേരിലാണ് ദാരുണമായ സംഭവം നടന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പെൺകുട്ടിയുടെ അച്ഛനോടുള്ള പകയാണ് കാരണമെന്നാണ് പൊലീസ് വിശദീകരണം. മനസാക്ഷിയെ നടുക്കുന്ന ശക്തമായ നടപടി സ്വീകരിക്കണമെന്ന് തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു കഴിഞ്ഞു.
കഴിഞ്ഞ ദിവസമാണ് തമിഴ്നാടിനെയാകെ ഉലച്ചു കളഞ്ഞ സംഭവം. ഉച്ചയ്ക്കു വീടിനോടു ചേർന്നുള്ള കടയ്ക്കു മുന്നിലിരിക്കുകയായിരുന്നു പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ജയശ്രീ. ഈ സമയത്ത് കടയിലെത്തിയ അണ്ണാഡിഎംകെ നേതാക്കളായ. മുരുകൻ,കാളിയപെരുമാൾ എന്നിവർ സാധനങ്ങൾ ആവശ്യപെട്ടു കുട്ടിയുടെ പിതാവുമായി വഴക്കായി.
പിന്നാലെ പെൺകുട്ടിയുടെ കൈകൾ പിറകിലോട്ടു കെട്ടി വായിൽ തുണി തിരുകിയതിനു ശേഷം മണ്ണണ്ണയൊഴിച്ചു തീകൊളുത്തി. കരച്ചിൽ കേട്ട് എത്തിയ പ്രദേശവാസികൾ വില്ലുപുരം സർക്കാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിക്ക് 70 ശതമാനം പൊള്ളലേറ്റിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്.
മുരുകനേയും പെരുമാളിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അച്ഛൻ ജയകുമാറുമായി പ്രതികൾക്ക് ഉണ്ടായിരുന്ന പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വിശദീകരിക്കുന്നു. ജയകുമാറിൻറെ സഹോദരനെ മർദിച്ച കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരാണ് ഇരുവരും. പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചു. ജനകീയ പ്രതിഷേധം ശക്തമായതോടെ സംഭവം അണ്ണാഡിഎംകെയ്ക്ക് വലിയ തിരിച്ചടിയാവുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam