
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് മറ്റന്നാള്‍. എഐസിസികളിലും പിസിസികളിലും ഭാരത് ജോഡോ യാത്രയിലുമായി 68 ബൂത്തുകളാണ് പോളിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ പത്ത് മണി മുതൽ വൈകീട്ട് നാല് വരെയാണ് പോളിംഗ്. ഒൻപതിനായിരത്തിലേറെ പേർക്കാണ് വോട്ടവകാശമുള്ളത്.
വോട്ടെടുപ്പ് കഴിഞ്ഞ ഒരു ദിവസത്തെ ഇടവേള കഴിഞ്ഞ് ബുധനാഴ്ച വോട്ടുകളെണ്ണി ഫലം പ്രഖ്യാപിക്കും. മത്സര രംഗത്തുള്ള മല്ലികാർജ്ജുൻ ഖാർഗെയും, ശശി തരൂരും വോട്ടുറപ്പിക്കാൻ അവസാനവട്ട പ്രചാരണത്തിലാണ്. ഭൂരിപക്ഷം നേതാക്കളും, പിസിസികളും ഖാർഗെക്ക് പിന്തുണ അറിയിച്ചുണ്ട്. യുവാക്കളുടേതടക്കം വോട്ട് പ്രതീക്ഷിക്കുന്ന തരൂർ രഹസ്യ ബാലറ്റിലൂടെ പിന്തുണ അനുകൂലമാകുമെന്നാണ് കരുതുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെത്തിയ തരൂരിന് വമ്പന്‍ സ്വീകരണമാണ് ഇന്നലെ മധ്യപ്രദേശിൽ ലഭിച്ചത്. പ്രതിപക്ഷ നേതാവടക്കമുള്ള സംസ്ഥാനത്തെ മുൻനിര നേതാക്കൾ തരൂരിനെ സ്വീകരിക്കാനായി ഭോപ്പാലിലെ പിസിസി ആസ്ഥാനത്ത് എത്തിയിരുന്നു.
ദിവസങ്ങളായി നീണ്ട പ്രചാരണത്തിനിടെ തരൂരിൻ്റെ ആദ്യ അനുഭവമായിരുന്നു ഇങ്ങനെയൊരു സ്വീകരണം. തനിക്ക് നൽകിയ ഹൃദ്യമായ സ്വീകരണത്തിന് ട്വിറ്ററിലൂടെ മധ്യപ്രദേശ് കോണ്‍ഗ്രസിന് തരൂര്‍ നന്ദിയറിയിച്ചു. ഏഴ് സംസ്ഥാനങ്ങളില്‍ പ്രമുഖ നേതാക്കള്‍ അവഗണിച്ചിടത്താണ് മധ്യപ്രദേശ് പിസിസി തരൂരിനെ വരവേറ്റത്. പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗ് ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കളുടെ വന്‍ നിര തരൂരിനെ സ്വീകരിക്കാനെത്തിയിരുന്നു.
കേരളത്തിലടക്കം പിസിസി അധ്യക്ഷന്മാര്‍ മാറി നിന്നെങ്കില്‍ മധ്യപ്രദേശ് പിസിസി പ്രസിഡന്‍റ് കമല്‍നാഥ് നേരിട്ടെത്തി തരൂരിന് ആശംസകള്‍ നേര്‍ന്നു. തരൂരുമായുള്ള കമല്‍നാഥിന്‍റെ അടുപ്പം, നിയമ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍,പാര്‍ട്ടിയില്‍ ഭിന്നത ഇല്ലെന്ന സന്ദേശം നല്‍കുക, ഇതാണ് ഖര്‍ഗെയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവച്ച കമല്‍നാഥ് തരൂരിന് സ്വീകരണമൊരുക്കിയതിന് പിന്നിലെ കാരണങ്ങള്‍. ഇതിനിടെ ഔദ്യോഗിക പക്ഷത്തിനൊപ്പം തിരുത്തല്‍ വാദി സംഘമായ ഗ്രൂപ്പ് 23 ഉം ഖര്‍ഗെക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഖര്‍ഗെയുടെ കൈയില്‍ പാര്‍ട്ടി ഭദ്രമായിരിക്കുമെന്ന് മനിഷ് തിവാരി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam