ഗാന്ധി കുടുംബത്തിന്‍റെ സഹകരണം അനിവാര്യമാണ്. സോണിയ ഗാന്ധിയുടെ ഉപദേശം തേടിയേ പ്രവർത്തിക്കുവെന്നും ഖാര്‍ഗെ പറഞ്ഞു
ദില്ലി: ശശി തരൂരിന്‍റെ പ്രസ്‍താവനകളില്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ച് മല്ലികാർജ്ജുൻ ഖാർഗെ. ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് മുന്നോട്ട് പോകാനാവില്ല. ഗാന്ധി കുടുംബത്തിന്‍റെ സഹകരണം അനിവാര്യമാണ്. സോണിയ ഗാന്ധിയുടെ ഉപദേശം തേടിയേ പ്രവർത്തിക്കുവെന്നും ഖാര്‍ഗെ പറഞ്ഞു.
അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കേ മല്ലികാർജ്ജുൻ ഖാർഗെയും ശശി തരൂരും പ്രചാരണം തുടരുകയാണ്. ഖാർഗെ ഇന്ന് തമിഴ്നാട്ടില്‍ പ്രചാരണം നടത്തും. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഖാർഗെ കൂടികാഴ്ച നടത്തും. അതേസമയം ശശി തരൂർ ഇന്ന് വോട്ടുതേടി മധ്യപ്രദേശിലും ബിഹാറിലുമാണ് പ്രചാരണം നടത്തുന്നത്. പിസിസികൾ സന്ദർശിച്ച് നേതാക്കളുമായി തരൂർ കൂടിക്കാഴ്ച്ച നടത്തും. പതിനാറിനാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കളുള്ള തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്.
പാര്‍ട്ടി നവീകരണത്തിനും, ഗാന്ധി കുടുംബത്തിന്‍റെ മേധാവിത്വത്തിനുമെതിരെ പ്രതികരിച്ച തിരുത്തല്‍ വാദികളായ ഗ്രൂപ്പ് 23 മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്കുളള പിന്തുണ പരസ്യമാക്കി. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കൊപ്പമെന്ന് പരസ്യ പ്രഖ്യാപനം നടത്തി. സ്ഥിരതയോടെ പാര്‍ട്ടിയെ നയിക്കാനുള്ള യോഗ്യത ഖാര്‍ഗെക്കേയുള്ളൂവെന്ന് ഗാന്ധി കുടംബത്തിന്‍റെ വലിയ വിമര്‍ശനകനായിരുന്ന മനീഷ് തിവാരി തുറന്നടിച്ചു. നാമനിര്‍ദ്ദേശ പത്രിക നല്‍കിയ വേളയില്‍ തിരുത്തല്‍വാദി സംഘത്തിലെ ഭൂപീന്ദര്‍ ഹൂഡ ഖാര്‍ഗെക്കൊപ്പമെത്തി ഈ സന്ദേശം നേരത്തെ നല്‍കിയിരുന്നു.

അതേസമയം രമേശ് ചെന്നിത്തല മല്ലികാർജ്ജുൻ ഖർഗെക്കായി പ്രചരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. ഖാർഗെക്കായുള്ള നേതാക്കളുടെ പരസ്യ പിന്തുണ മത്സരം ഏകപക്ഷീയമാക്കുന്നുവെന്നും തരൂർ ആരോപിച്ചു. വോട്ട് അഭ്യർത്ഥിക്കാൻ ദില്ലി പിസിസിയിലെത്തിയ തരൂരിന് തണുപ്പൻ പ്രതികരണമാണായിരുന്നു ഇന്നലെ ലഭിച്ചത്. ഗാന്ധി കുടുംബം ആരെയും പിന്തുണക്കുന്നില്ലെന്ന് പറഞ്ഞിട്ടും തുല്യ പരിഗണന കിട്ടുന്നില്ലെന്ന് തരൂര്‍ കുറ്റപ്പെടുത്തുന്നു. ഖർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയാണെന്ന തരത്തില്‍ ചിലർ സന്ദേശം നല്‍കുന്നുവെന്ന് ദില്ലി പി സി സി യില്‍ നടത്തിയ വാർത്തസമ്മേളനത്തില്‍ ഇന്നലെ ശശി തരൂർ പറഞ്ഞു.
