
ദില്ലി: സിപിഎം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി നടക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്നും മുതിർന്ന നേതാക്കളായ ശശി തരൂരിനേയും കെ.വി.തോമസിനേയും വിലക്കി കോൺഗ്രസ് ഹൈക്കമാൻഡ്. കെപിസിസിയുടെ താത്പര്യം കൂടി പരിഗണിച്ചാണ് ഇക്കാര്യത്തിൽ എഐസിസി തീരുമാനം എടുത്തത് എന്നാണ് സൂചന.
വിലക്ക് സംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി എടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കെപിസിസി വിലക്കിയാലും അന്തിമ തീരുമാനം എടുക്കേണ്ടെത് ദേശീയ നേതൃത്വമാണെന്നായിരുന്നു തരൂരിൻറെയും കെവി തോമസിന്‍റെയും പ്രതികരണം. അനുവാദം തേടി ഇരുവരും കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിക്കുകയും ചെയ്തു.
പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്കാണ് ശശി തരൂരിനെയും കെവി തോമസിനെയും സിപിഎം ക്ഷണിച്ചത്. സിൽവർലൈനിൽ സർക്കാറിനെതിരെ കോൺഗ്രസ് കടുത്ത സമരം നടത്തുമ്പോൾ സിപിഎം പരിപാടിയിൽ പാർട്ടി നേതാക്കൾ പോകേണ്ടെന്നാണ് കെപിസിസി തീരുമാനം. കെ.സുധാകരൻ ഇക്കാര്യത്തിൽ കർശന നിലപാട് എടുത്തെങ്കിലും എഐസിസിയുടെ നിലപാടിനായി കാത്തിരിക്കുകയായിരുന്നു തരൂരും തോമസും.
രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ കെവി തോമസ് സംസ്ഥാന നേതൃത്വവുമായി കൂടുതൽ അകൽച്ചയിലാണ്. ജി 23 അംഗമായ തരൂർ ദേശീയ നേതൃത്വത്തവുമായി ഉടക്കിലാണ്. പൊതുവിഷയങ്ങളിൽ സംസ്ഥാന നേതാക്കളെ തരൂർ കാര്യമായി ഗൗനിക്കാറുമില്ല. അതേസമയം കെപിസിസി വിലക്കിനെ സംസ്ഥാന നേതൃത്വത്തിനെതിരായ രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. കെപിസിസി വിലക്ക് ബിജെപിയെ സഹായിക്കാനാണെന്ന് കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam