യുവാക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമിടയിൽ സ്വാധീനം: തരൂരിനെ മുന്നിൽ നിര്‍ത്തി ഹൈക്കമാൻഡ്

By Asianet MalayalamFirst Published Jan 19, 2021, 5:23 PM IST
Highlights

കേരളത്തിലെ യുവാക്കൾക്കിടയിലും ന്യൂനപക്ഷസമുദായങ്ങളിലും ശശി തരൂരിന് വലിയ സ്വാധീനമുണ്ടെന്നാണ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഹൈക്കമാൻഡ്. മുൻകാല തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയും മുന്നണിയും എടുക്കുന്ന ഒരോ ചുവടും ഹൈക്കമാൻഡിൻ്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും എന്ന സൂചന കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ കേരളത്തിലെ നേതാക്കൾക്ക് ലഭിച്ചിട്ടുണ്ട്.

തദ്ദേശതെരഞ്ഞെടുപ്പിൽ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തിരുത്തൽ നടപടികൾ വേണമെന്ന് കേരള നേതാക്കളെ കണ്ട രാഹുൽ ഗാന്ധി പറഞ്ഞു. ഏതു തെരഞ്ഞെടുപ്പിലായാലും പുതുമുഖങ്ങളെ തെരഞ്ഞെടുപ്പിൽ അവസരം നൽകണം എന്നാണ് തൻ്റെ നിലപാടെന്നും കേരളത്തിലും അതുണ്ടാവണമെന്നും രാഹുൽ ഗാന്ധി നേതാക്കളോട് പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കാരണവശാലും ഗ്രൂപ്പടിസ്ഥാനത്തിൽ സ്ഥാനര്‍ത്ഥികളെ നിശ്ചയിക്കരുതെന്ന കര്‍ശന നിര്‍ദേശം രാഹുൽ ഗാന്ധി കേരള നേതാക്കൾക്ക് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തിതാത്പര്യം മാറ്റിവയ്ക്കണമെന്നാണ് രാഹുൽ ദില്ലിയിൽ നേതാക്കളെ കണ്ടപ്പോൾ പറഞ്ഞത്. 

അതേസമയം ഉമ്മൻ ചാണ്ടി അധ്യക്ഷനായി രൂപീകരിച്ച തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിക്ക് സ്ഥാനാ‍ര്‍ത്ഥി നിര്‍ണയത്തിൽ പങ്കുണ്ടാവില്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കുന്നു. നേതാക്കളുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചത്. 

അതേസമയം പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുടെ സ്ഥാനാര്‍ത്ഥിയാരെന്ന കാര്യത്തിൽ ഒരു ഘട്ടത്തിലും ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ വിശദീകരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ എംപിമാര്‍ക്കും ജില്ലാ തലത്തിൽ നേതൃത്വ ചുമതല നൽകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയെ മേൽനോട്ട സമിതി അധ്യക്ഷനാക്കിയെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയാവും എന്നൊരു ഉറപ്പും ഇല്ലെന്നും ദില്ലിയിൽ നിന്നൊരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വരില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കുന്നു. 

തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയിലേക്ക് തിരുവനന്തപുരം എംപി ശശി തരൂരിനെ ഉൾപ്പെടുത്തിയതും ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്ന് ഹൈക്കമാൻഡ് വിശദീകരിക്കുന്നു. യുവാക്കൾക്കിടയിലും സ്വതന്ത്രനിലപാടെടുക്കുന്നവര്‍ക്കും ശശി തരൂരിന് വലിയ സ്വാധീനമുണ്ടെന്നാണ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിലും ശശി തരൂരിന് സ്വീകാര്യതയുണ്ടെന്ന് ദേശീയ നേതൃത്വം കരുതുന്നു. ഈ മാസം മുതൽ സംസ്ഥാനത്ത് സജീവമായി ഇടപെടണമെന്ന് തരൂരിനോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. 

ഉമ്മൻ ചാണ്ടി അധ്യക്ഷനായ മേൽനോട്ട സമിതിക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ചുമതലകൾ ഉണ്ടാവില്ലെന്നും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാൻ കെപിസിസി അധ്യക്ഷൻ്റെ കീഴിൽ പ്രത്യേക സ്ക്രീനിംഗ് കമ്മിറ്റിക്ക് രൂപം നൽകുമെന്നും എൈസിസി വ്യക്തമാക്കുന്നു. 

click me!