ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; അമിത് ഷായുടെ നിര്‍ദേശത്തില്‍ പറന്നെത്തി എയിംസ് തലവന്‍

By Web TeamFirst Published May 9, 2020, 7:07 PM IST
Highlights

ഇതുവരെ 7402 പേര്‍ക്കാണ് ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 449 പേര്‍ മരിക്കുകയും ചെയ്തു.
 

ദില്ലി: ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനും ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനുമായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തില്‍ രണ്ടംഗ സംഘം സംസ്ഥാനത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ എത്തിയത്. എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലെത്തിയ ഡോ. രണ്‍ദീപും മനീഷ് സുരേജയും അഹമ്മദാബാദിലെ സിവില്‍ ആശുപത്രി സന്ദര്‍ശിച്ച് ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തി. നഗരത്തിലെ എസ് വി പി ആശുപത്രിയിലും സന്ദര്‍ശനം നടത്തി.

ഗുജറാത്ത് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവിയുമായും സംഘം ആശയവിനിമയം നടത്തി. മുഖ്യമന്ത്രി വിജയ് രൂപാണിയുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി. കൊവിഡ് രോഗബാധിതരുടെ എണ്ണം കുറക്കുന്നതിന് സ്വീകരിക്കേണ്ട ചികിത്സാ നടപടികളെക്കുറിച്ചാണ് സംസാരിച്ചത്. ഭയം കാരണം ഗുജറാത്തില്‍ ആളുകള്‍ കൊവിഡ് പരിശോധനക്ക് ആശുപത്രിയിലെത്തുന്നില്ലെന്ന പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. രോഗികള്‍ എന്തെങ്കിലും പ്രശ്‌നം നേരിടുന്നുണ്ടെങ്കില്‍ എന്തൊക്കെ സൗകര്യം ചെയ്ത് കൊടുക്കാമെന്നതിനെപ്പറ്റി ഡോക്ടര്‍മാരുമായി സംസാരിച്ചെന്നും ഡോ. ഗുലേറിയ പറഞ്ഞു.

ഇതുവരെ 7402 പേര്‍ക്കാണ് ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 449 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്

click me!