ട്രാൻസ്ജൻഡർ, പുരുഷ സ്വവർ​ഗാനുരാ​ഗികൾ, ലൈം​ഗിക തൊഴിലാളികൾ എന്നിവരെ രക്തദാന പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എച്ച്‌ഐവി പോലുള്ള രോഗങ്ങൾ പകരാനുള്ള സാധ്യത കൂടുതലാണെന്ന ആരോഗ്യ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനമെന്നും ഇത് വിവേചനപരമല്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ദില്ലി: രക്തദാതാക്കളുടെ പട്ടികയിൽ നിന്ന് ട്രാൻസ്‌ജെൻഡർ വ്യക്തികൾ, പുരുഷ സ്വവർ​ഗാനുരാ​ഗികൾ, സ്ത്രീ ലൈംഗിക തൊഴിലാളികൾ എന്നിവരെ ഒഴിവാക്കിയതായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. തീരുമാനം വിവേചനപരമല്ലെന്നും, ആരോഗ്യ പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കേന്ദ്രം വ്യക്തമാക്കി. ഈ വിഭാഗങ്ങളിൽ എച്ച്‌ഐവി ബാധിതരുടെ എണ്ണം ആറ് മുതൽ 13 മടങ്ങ് വരെ കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുമ്പാകെ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളിൽ നിന്ന് രക്തവും ഘടകങ്ങളും ശേഖരിക്കുന്നത് നയത്തിന്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ഭാട്ടി പറഞ്ഞു.

ട്രാൻസ്ജെൻഡർ വ്യക്തികൾ, സ്വവർ​ഗാനുരാ​ഗികളായ പുരുഷന്മാർ, സ്ത്രീ ലൈംഗിക തൊഴിലാളികൾ എന്നിവർക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ സി അണുബാധകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാണിക്കുന്നതിന് ഗണ്യമായ തെളിവുകൾ ആരോഗ്യ മന്ത്രാലയത്തിന്റെ പക്കലുണ്ടെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. 2020-21 ലെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ വാർഷിക റിപ്പോർട്ട് ഉദ്ധരിച്ച്, ട്രാൻസ്‌ജെൻഡർമാർ, പുരുഷ സ്വവർ​ഗാനുരാ​ഗികൾ, സ്ത്രീ ലൈംഗിക തൊഴിലാളികൾ എന്നിവരിൽ എച്ച്ഐവി വ്യാപനം ആറ് മുതൽ 13 മടങ്ങ് വരെ കൂടുതലാണെന്ന് പറയുന്നു. ലോകമെമ്പാടും എച്ച്‌ഐവിയും മറ്റ് രക്തപ്പകർച്ചയിലൂടെ പകരുന്ന അണുബാധകളും കൂടുതലുള്ള ജനസംഖ്യാ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് രക്തദാതാക്കൾക്ക് സമാനമായ നിയന്ത്രണങ്ങൾ നിലവിലുണ്ടെന്നും മിക്ക യൂറോപ്യൻ രാജ്യങ്ങളിലും, ലൈംഗികമായി സജീവമായ എംഎസ്‌എം രക്തം ദാനം ചെയ്യുന്നതിൽ നിന്ന് ശാശ്വതമായി ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.