
ദില്ലി: എംപിമാരുടെ ചികിത്സയ്ക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് പുറപ്പെടുവിച്ച മാർഗ്ഗനിർദേശങ്ങൾ പിൻവലിച്ച് എയിംസ് ആശുപത്രി. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് നടപടി. ഒരു എംപി ചികിത്സ തേടിയാല്‍ ബന്ധപ്പെട്ട വകുപ്പ് തലവന്‍ തന്നെ അഡ്മിഷന് അടക്കമുളള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കണമെന്നായിരുന്നു എയിംസ് പുറത്തിറക്കിയ മാർഗ്ഗനിര്‍ദ്ദേശം. നിർദേശം, സാധാരണക്കാരായ രോഗികളോടുള്ള അനീതിയാണെന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനയായ ഫൈമ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചിരുന്നു. ഫോഡ എന്ന സംഘടനയും പ്രതിഷേധം അറിയിച്ചു.
ദില്ലി എയിംസിൽ ശസ്ത്രക്രിയ വിഭാഗത്തിലും, നാഡീശാസ്ത്ര വിഭാഗത്തിലും ചികിത്സയ്ക്കായി അഞ്ചും ആറും മാസം ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സാഹചര്യമാണ്. ഇതി നിലനിൽക്കേയാണ് എംപിമാർക്ക് പ്രത്യേക പരിഗണന നൽകണമെന്ന് വ്യക്തമാക്കി എയിംസ് ഡയറക്ടർ എം.ശ്രീനിവാസ് നിർദേശം പുറത്തിറക്കിയത്. ചികിത്സയ്ക്കായി എംപിമാരെത്തിയാല്‍ ഡ്യൂട്ടിയിൽ ഉള്ള ഡോക്ടർ ബന്ധപ്പെട്ട വകുപ്പില്‍ അപ്പോയ്ന്‍റെമെന്‍റ് എടുത്ത് നല്‍കണം. കിടത്തി ചികിത്സയാണെങ്കില്‍ വിവരങ്ങള്‍ അപ്പപ്പോള്‍ സൂപ്രണ്ടിനെ അറിയിക്കണം. ലോക‍്‍സഭ, രാജ്യസഭ സെക്രട്ടറിയേറ്റിലേക്ക് വിവരം അറിയിക്കേണ്ട ചുമതല സൂപ്രണ്ടിനാണ്. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന എംയിസിൽ വിഐപി സംസ്കാരം ഏർപ്പെടുത്തുന്നതിനെയാണ് ഡോക്ടർമാരുടെ സംഘടനകൾ ചോദ്യം ചെയ്തത്.
2017 ൽ എയിംസിൽ എംപിമാരുടെ ശുപാർശ കത്തുമായി എത്തുന്ന രോഗികൾക്കായി പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. അന്ന് വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ആ തീരുമാനം പിൻവലിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam