
ഭുവനേശ്വർ: അവശ നിലയിൽ കാട്ടാനയെ കണ്ടെത്തിയതോടെ നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്. ചന്ദക- ദംപാര വന്യ ജീവി സങ്കേതത്തിലാണ് മഖ്ന വിഭാഗത്തിലുള്ള കാട്ടാനയെ അതീവ അവശ നിലയിൽ കണ്ടെത്തിയത്. 22 വയസോളം പ്രായം വരുന്ന കൊമ്പില്ലാത്ത ആൺ ആനയെയാണ് കഴിഞ്ഞ ദിവസം അവശ നിലയിൽ കണ്ടെത്തിയത്. രാവിലെ അവശനിലയിൽ കണ്ടെത്തിയ കാട്ടാന വൈകുന്നേരമായപ്പോൾ 50 മീറ്ററോളം നടന്നിരുന്നു. ആനയുടെ ആരോഗ്യനില നന്ദൻ കാനനിൽ നിന്നുള്ള വിദഗ്ധ സംഘം നിരീക്ഷിക്കുന്നുണ്ട്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അടക്കമുള്ള മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ട്. ആനയ്ക്ക് ആവശ്യമായ പരിചരണങ്ങൾ നൽകുന്നുവെന്നാണ് വൈദ്യ സംഘം വിശദമാക്കിയത്. പ്രായം കൂടിയ ആനയ്ക്ക് ഹെർപസ് വൈറസ് ബാധയേൽക്കാൻ സാധ്യതയില്ലെങ്കിലും അവശനായതിനാൽ രോഗസാധ്യതയുണ്ടെന്നാണ് വിദഗ്ധ സംഘം വിശദമാക്കുന്നത്.
എന്നാൽ കൃത്യമായ രോഗ കാരണം ഇനിയും വ്യക്തമായിട്ടില്ല. മേഖലയിൽ രണ്ട് കാട്ടാനകൂട്ടത്തെ കണ്ടതിനാൽ അവശനായ കാട്ടാനയിലേക്ക് ഇവയെത്താതിരിക്കാനും വനംവകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. മേഖലയിൽ 29ഓളം കാട്ടാനകളാണ് ഉളളതെന്നാണ് വനംവകുപ്പ് വിശദമാക്കിയത്. ഓഗസ്റ്റ് മാസത്തിൽ കുങ്കി പരിശീലനത്തിന് വിധേയമായിരുന്ന അഞ്ച് വയസ് പ്രായമുള്ള മോഴയാന ഹെർപസ് വൈറസ് ബാധ മൂലം ചരിഞ്ഞിരുന്നു. പരിശീലന കേന്ദ്രത്തിലെ മൂന്ന് ആനകൾക്ക് കൂടി വൈറസ് ബാധ വന്നതോടെയാണ് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയത്. കുട്ടിയാനകളിലാണ് ഈ വൈറസ് ബാധ അതീവ അപകടകാരിയാവുന്നതെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്.