
കൊൽക്കത്ത: വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ എഐഎംഐഎം തീരുമാനിച്ചു. ഹുമയൂൺ കബീറിൻ്റെ നേതൃത്വത്തിലുള്ള ആം ജനത ഉന്നയുൻ പാർട്ടിയുമായുള്ള സഖ്യത്തിൽ നിന്ന് പിന്മാറുന്നതായി ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ പ്രഖ്യാപിച്ചു. അസദുദ്ദീൻ ഒവൈസിയെ മുന്നിൽ നിർത്തി പശ്ചിമ ബംഗാളിൽ സ്വന്തം സ്ഥാനാർത്ഥികൾക്കായി ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് എഐഎംഐഎം നീക്കം.
പശ്ചിമ ബംഗാളിലെ മുസ്ലീങ്ങളെക്കുറിച്ചും ബിജെപിയുമായുള്ള തൻ്റെ 'ബന്ധ'ത്തെക്കുറിച്ചും എജെയുപി നേതാവ് ഹുമയൂൺ കബീർ വിവാദപരമായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഒളിക്യാമറ വീഡിയോ തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ഇതാണ് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഹുമയൂൺ കബീറിന്റെ ആം ജനത ഉന്നയൻ പാർട്ടിയുമായുള്ള സഖ്യം അവസാനിപ്പിക്കാൻ കാരണം. കഴിഞ്ഞ വർഷം അവസാനമാണ് തൃണമൂൽ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനെ തുടർന്ന് എജെയുപി എന്ന സ്വന്തം പാർട്ടി രൂപീകരിച്ച് ഹുമയൂൺ കബീർ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയത്. തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ട തൻ്റെ വീഡിയോ എഐ ഉപയോഗിച്ച് നിർമിച്ചതെന്നാണ് അദ്ദേഹത്തിൻ്റെ വാദം.
ബംഗാളിലെ ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുന്നതിൽ സ്വന്തം ശക്തി തെളിയിക്കാൻ ഒറ്റയ്ക്ക് മത്സരിക്കുന്നതാണ് ഉചിതമെന്ന് എഐഎംഐഎം പാർട്ടി നേതൃത്വം വിലയിരുത്തി. സഖ്യത്തെക്കുറിച്ച് നേരത്തെ ചർച്ചകൾ നടന്നിരുന്നെങ്കിലും നയപരമായ കാര്യങ്ങളിൽ ഇരു പാർട്ടികളും തമ്മിൽ ധാരണയിലെത്താൻ സാധിച്ചില്ല. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ എഐഎംഐഎം സ്വന്തം സ്ഥാനാർത്ഥികളെ നിർത്തും. മുർഷിദാബാദ്, മാൾഡ, വടക്കൻ ദിനാജ്‌പൂർ തുടങ്ങിയ ജില്ലകളിൽ ഈ നിലയിൽ എഐഎംഐഎം മത്സരം കടുപ്പിക്കും. തൃണമൂൽ കോൺഗ്രസിനും, ഇടത്-കോൺഗ്രസ് സഖ്യത്തിനും ഈ നീക്കം വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. ന്യൂനപക്ഷ വോട്ടുകൾ പല തട്ടിലാകുന്നത് ഫലത്തെ ബാധിച്ചേക്കാം. സഖ്യം തകർന്നതോടെ ഹുമയൂൺ കബീറും സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. ഇത്തരത്തിൽ മുസ്ലിം വോട്ടുകൾ ഭിന്നിക്കുന്നത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam