ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചവരിൽ പ്രളയത്തില്‍ കേരളത്തിന് കൈത്താങ്ങായ സൈനികനും

By Web TeamFirst Published Feb 28, 2019, 2:41 PM IST
Highlights

മകന്റെ പിറന്നാളാഘോഷം കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് സിദ്ധാര്‍ഥ് വസിഷ്ഠ് ശ്രീനഗറിലേക്ക് മടങ്ങിയെത്തിയത്. പ്രളയ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നാവിക സേനയിലെ അംഗമായിരുന്നു സിദ്ധാര്‍ഥ് വസിഷ്ഠ്. 

ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ നിരീക്ഷണ പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചവരിൽ ഒരാൾ കേരളത്തിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ വ്യോമസേന ഉദ്യോഗസ്ഥന്‍. സ്ക്വാഡ്രണ്‍ ലീഡര്‍ സിദ്ധാര്‍ഥ് വസിഷ്ഠാണ് ഇന്നലെ ഹെലികോപ്റ്റര്‍ തര്‍ന്ന് മരിച്ചത്.

ചണ്ഡിഗഡിലെ വീട്ടില്‍ 2 വയസ്സുകാരന്‍ അംഗദിന്‍റെ പിറന്നാളാഘോഷത്തിന്റെ മധുരം മാറും മുമ്പാണ് അച്ഛന്‍ സിദ്ധാര്‍ഥ് വസിഷ്ഠിന്‍റെ വേര്‍പാട്. മകന്റെ പിറന്നാളാഘോഷം കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് സിദ്ധാര്‍ഥ് വസിഷ്ഠ് ശ്രീനഗറിലേക്ക് മടങ്ങിയെത്തിയത്. 155 ഹെലികോപ്റ്റര്‍ യൂണിറ്റിലെ സ്ക്വാഡ്രണ്‍ ലീഡറായിരുന്നു ഇദ്ദേഹം. അതിര്‍ത്തി മേഖലയില്‍ നിരീക്ഷണ പറക്കലിനിടെയാണ് യന്ത്രത്തകരാറ് മൂലം കോപ്റ്റര്‍ ബുദ്ഗാമില്‍ തകര്‍ന്നുവീണത്. 

9 കൊല്ലം മുമ്പാണ്  സിദ്ധാര്‍ഥ് സേനയുടെ ഭാഗമായത്. പ്രളയ രക്ഷാപ്രവര്‍ത്തനത്തിലെ സേവനത്തെ മുന്‍നിര്‍ത്തി അദ്ദേഹത്തെ തേടി ജനുവരി 26 ന് ആദരവുമെത്തിയിരുന്നു. സിദ്ധാര്‍ഥിന്‍റെ ഭാര്യ, അച്ഛന്‍, രണ്ട് അമ്മാവന്‍മാര്‍ എന്നിവര്‍ സേനയുടെ ഭാഗമാണ്. ഭാര്യ ആര്‍തി വസിഷ്ഠും വ്യോമസേനയില്‍ സ്ക്വാര്‍ഡണ്‍ ലീഡറാണ്. 

click me!