കൊവിഡ് കാലത്തെ വിമാന ടിക്കറ്റുകൾക്ക് പകരം നൽകിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും

By Web TeamFirst Published Oct 30, 2021, 8:08 AM IST
Highlights

യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം യാത്രക്കാര്‍ നല്‍കണം. എന്നാൽ ട്രാവൽ വൗച്ചർ ലഭിച്ചവർ ആവശ്യപ്പെട്ടാൽ കാലാവധി നീട്ടി നൽകും. ഇതിനായി എയർലൈനുകളെ സമീപിക്കണമെന്ന് അധികൃതർ അറിയിച്ചു. 

ദില്ലി: കൊവിഡ് (Covid) കാലത്ത് റദ്ദാക്കിയ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ (air india) യാത്രക്കാര്‍ക്ക് പകരം നല്‍കിയ ടിക്കറ്റുകളുടെ കാലാവധി (ticket validity) ഡിസംബര്‍ 31ന് അവസാനിക്കും. യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം യാത്രക്കാര്‍ അടക്കണമെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് കാലത്ത് സര്‍വീസ് റദ്ദാക്കിയതിനെതുടര്‍ന്ന് യാത്രകാര്‍ക്ക് പകരം നല്‍കിയ ടിക്കറ്റുകള്‍ ഡിസംബര്‍ 31നകം ഉപയോഗിക്കണമെന്നാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും അറിയിക്കുന്നത്. യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം യാത്രക്കാര്‍ നല്‍കണം. എന്നാൽ ട്രാവൽ വൗച്ചർ ലഭിച്ചവർ ആവശ്യപ്പെട്ടാൽ കാലാവധി നീട്ടി നൽകും. ഇതിനായി എയർലൈനുകളെ സമീപിക്കണമെന്ന് അധികൃതർ അറിയിച്ചു. 

ഈ ദിവസത്തിനകം യാത്ര ചെയ്യാൻ സാധിക്കാത്തവർ കസ്റ്റമർ സപ്പോർട്ടിലേക്ക് ഇമെയിൽ അയച്ചാൽ കാലാവധി നീട്ടിനൽകും. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബറിൽ പോയി ജനുവരിയിലാണ് തിരിച്ചുവരുന്നതെങ്കിൽ അക്കാര്യം എയർലൈനെ അറിയിച്ചാല്‍ പ്രശ്നം പരിഹരിക്കും. ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ ക്യാൻസലേഷൻ നിരക്ക് ഈടാക്കി ബാക്കി തുക ലഭിക്കും. അതേസമയം ചില ട്രാവൽ ഏജൻസികൾ തുക മടക്കിനൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. 15% പേർക്ക് ഇപ്പോഴും ടിക്കറ്റ് തുക ലഭിക്കാനുണ്ടെന്നാണ് വിവരം. വ്യക്തികൾ നേരിട്ട് എടുത്ത ടിക്കറ്റിന് അവരുടെ അക്കൗണ്ടിലേക്കും ട്രാവൽ ഏജൻസി മുഖേനയെങ്കിൽ ഏജൻസിയുടെ അക്കൗണ്ടിലേക്കുമാണ് പണം തിരിച്ചുനൽകിയതെന്ന് എയർലൈൻ വക്താക്കള്‍ അറിയിച്ചു.

click me!