മികച്ച യാത്രാനുഭവം, കൂടുതല്‍ കണക്ടിവിറ്റി, മെച്ചപ്പെട്ട സേവനങ്ങള്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം, നവീകരണം തുടങ്ങിയ മേഖലകളിലെ മികവാണ് ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: വിംഗ്‌സ് ഇന്ത്യ 2026ല്‍ എയര്‍ലൈന്‍ വിഭാഗം വിജയിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഫിക്കി, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായി ഹൈദരാബാദില്‍ സംഘടിപ്പിക്കുന്ന വിംഗ്‌സ് ഇന്ത്യ 2026ല്‍ പുരസ്‌കാരം സമ്മാനിക്കും. മികച്ച യാത്രാനുഭവം, കൂടുതല്‍ കണക്ടിവിറ്റി, മെച്ചപ്പെട്ട സേവനങ്ങള്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം, നവീകരണം തുടങ്ങിയ മേഖലകളിലെ മികവാണ് ഈ പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ജനുവരി 28നാണ് പുരസ്‌കാര വിതരണം.

കഴിഞ്ഞ മാസം രാജ്യത്തെ മറ്റ് എയര്‍ലൈനുകളെ അപേക്ഷിച്ച് സമയനിഷ്ഠയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസായിരുന്നു മുന്‍പന്തിയില്‍ വിമാന കമ്പനി അവകാശപ്പെടുന്നു. അടുത്തിടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫ്‌ളീറ്റിലേക്ക് ഉള്‍പ്പെടുത്തിയ പുതിയ വിമാനങ്ങളില്‍ ലെതര്‍ സീറ്റുകള്‍, മൂഡ് ലൈറ്റിംഗ്, കൂടുതല്‍ നിശബ്ദമായ ക്യാബിന്‍, അധിക സ്റ്റോറേജിനായി വലിയ ഓവര്‍ഹെഡ് സ്‌പേസുകള്‍, ഓരോ സീറ്റിനും യുഎസ്ബി സി/എ ഫാസ്റ്റ് ചാര്‍ജിംഗ് പോര്‍ട്ടുകള്‍ തുടങ്ങിയവയുണ്ട്. പോയിന്റ്-ടു-പോയിന്റ് കണക്ടിവിറ്റിക്കപ്പുറം എയര്‍ ഇന്ത്യയുമായുള്ള കോഡ്ഷെയര്‍ പങ്കാളിത്തവും എയര്‍ ഇന്ത്യ എക്‌സ്പ്രസിനുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ ഒരു സ്ഥലത്ത് നിന്നും യാത്രികര്‍ക്ക് ഒറ്റ പിഎന്‍ആറില്‍ നോര്‍ത്ത് അമേരിക്ക, യൂറോപ്പ് തുടങ്ങിയ ദീര്‍ഘദൂര അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനാകും.

ദക്ഷിണേഷ്യ, തെക്ക്-കിഴക്കന്‍ ഏഷ്യ, ഗള്‍ഫ് മേഖലകള്‍ എന്നിവിടങ്ങളിലെ 17 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും ഇന്ത്യയില്‍ 45 സ്ഥലങ്ങളിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് വിമാന സര്‍വീസുകളുണ്ട്. 100ലധികം വിമാനങ്ങള്‍ ഉപയോഗിച്ച് പ്രതിദിനം 500ലധികം സര്‍വീസുകള്‍ നടത്തുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാന നിരയിലെ മൂന്നില്‍ രണ്ടിലധികവും പുതുതായി ഉള്‍പ്പെടുത്തിയ ബോയിംഗ്, എയര്‍ബസ് വിമാനങ്ങളാണ്. പ്രാദേശിക രുചികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഗോര്‍മേര്‍ ഭക്ഷണങ്ങളും ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കായുള്ള എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് നല്‍കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. വിംഗ്‌സ് ഇന്ത്യയുടെ കഴിഞ്ഞ പതിപ്പില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 'സസ്‌റ്റൈനബിലിറ്റി ചാമ്പ്യന്‍' അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.