അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച ഞെട്ടിക്കുന്ന കണ്ടെത്തൽ; എയർ ഇന്ത്യയുടെയും ബോയിങ് കമ്പനിയുടെയും പ്രതികരണം

Published : Jul 12, 2025, 08:15 AM ISTUpdated : Jul 12, 2025, 08:18 AM IST
Ahmedabad Plane crash

Synopsis

അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നെങ്കിലും ദുരൂഹത തുടരുന്നു. റിപ്പോർട്ടിനെ കുറിച്ച് എയർ ഇന്ത്യയുടെയും ബോയിങ് കമ്പനിയുടെയും പ്രസ്താവന.

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച് സുപ്രധാന കണ്ടെത്തലുകൾ അടങ്ങിയ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് എയർ ഇന്ത്യയും ബോയിങ് കമ്പനിയും. തുടർന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് എയർ ഇന്ത്യ, ബോയിങ് കമ്പനികൾ അറിയിച്ചു. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നാണ് എയർ ഇന്ത്യ പ്രസ്താവനയിൽ പറയുന്നത്.

"ദുരന്തത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ് എയർ ഇന്ത്യ. ഈ ദുഷ്കരമായ സമയത്ത് അവർക്ക് എല്ലാ പിന്തുണയും നൽകാൻ എയർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കും. അന്വേഷണം തുടരുന്നതിനാൽ ഇപ്പോൾ ലഭിച്ച വിവരങ്ങളെ കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ല"- എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. അന്വേഷണവുമായി തുടർന്നും സഹകരിക്കുമെന്ന് ബോയിങ് കമ്പനി പ്രസിഡന്റും സിഇഒയുമായ കെല്ലി ഓർട്ടെർഗ് പ്രതികരിച്ചു.

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നെങ്കിലും ദുരൂഹത തുടരുകയാണ്. പറന്നുയർന്ന് സെക്കന്‍റുകൾക്കകം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവർത്തനം നിലച്ചു. എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫായതായി അന്വേഷണത്തിൽ കണ്ടെത്തി. ആരാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതും 'താൻ ചെയ്തിട്ടില്ലെന്ന്' മറുപടി പറയുന്നതും വോയ്‌സ് റെക്കോർഡിൽ ഉണ്ട്.

അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ

ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രാഥമിക റിപ്പോർട്ടാണ് പുറത്തുവന്നത്. ജൂൺ 12 ന് അഹമ്മദാബാദിലാണ് എയർ ഇന്ത്യ ബോയിങ് 7878-8 ഡ്രീംലൈവർ വിമാനം അപകടത്തിൽപെട്ടത്. വിമാനം പറന്നുയർന്ന ഉടൻ അപകടം സംഭവിച്ചു. 600 അടി ഉയരത്തിൽ വെച്ചാണ് വിമാനം നിലംപതിച്ചത്. കെട്ടിടങ്ങളിൽ ഇടിച്ച് തീപിടിച്ചതിനെത്തുടർന്ന് വിമാനം പൂർണ്ണമായി നശിച്ചു. റൺവേ 23 ന്റെ അറ്റത്ത് നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലാണ് വിമാനം ഇടിച്ചത്.

വിമാനത്തിൽ രണ്ട് എൻഹാൻസ്ഡ് എയർബോൺ ഫ്ലൈറ്റ് റെക്കോർഡറുകൾ ഉണ്ടായിരുന്നു. ഒരു ഇഎഎഫ്ആറിൽ നിന്ന് ഏകദേശം 49 മണിക്കൂർ ഫ്ലൈറ്റ് ഡാറ്റയും 2 മണിക്കൂർ ഓഡിയോയും ലഭിച്ചു. എന്നാൽ പിൻഭാഗത്തെ ഇഎഎഫ്ആറിന് കാര്യമായ തകരാർ സംഭവിച്ചതിനാൽ വിവരങ്ങൾ വീണ്ടെടുക്കാനായില്ല. വിമാനം പറന്നുയർന്നതിന് പിന്നാലെ എഞ്ചിൻ 1, എഞ്ചിൻ 2 എന്നിവയുടെ ഫ്യുവൽ സ്വിച്ചുകൾ റൺ പൊസിഷനിൽ നിന്ന് കട്ട് ഓഫ് പൊസിഷനിലേക്ക് മാറി.

ഒരു പൈലറ്റ് എഞ്ചിൻ കട്ട്ഓഫ് ചെയ്തതിനെക്കുറിച്ച് ചോദിക്കുന്നതും മറ്റേ പൈലറ്റ് താനല്ല ചെയ്തതെന്ന് മറുപടി പറയുന്നതും കോക്ക്പിറ്റ് വോയിസ് റെക്കോർഡിംഗിൽ വ്യക്തമായി ഉണ്ട്. വിമാനത്തിൽ നിന്ന് "മെയ് ഡേ" കോൾ ലഭിച്ചത് 08:09:05 സെക്കൻഡിലാണ്. എഞ്ചിൻ ഫ്യുവൽ കട്ട്ഓഫ് സ്വിച്ചുകൾ വൈകാതെ റൺ പൊസിഷനിലേക്ക് മാറി. പക്ഷേ എഞ്ചിനുകൾക്ക് പൂർണ്ണമായി ത്രസ്റ്റ് വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ഉടൻ വിമാനം തകർന്നു.

വിമാനത്തിൽ ഉപയോഗിച്ച ഇന്ധനത്തിന്റെ സാമ്പിളുകൾ പരിശോധിക്കുകയും തൃപ്തികരമാണെന്ന് കണ്ടെത്തുകയും ചെയ്തു. വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ലെന്നും ഇരു പൈലറ്റുമാർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. കൂടുതൽ വിവരങ്ങളും തെളിവുകളും പരിശോധിച്ചുള്ള സമഗ്ര അന്വേഷണം തുടരുകയാണ്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം