
ദില്ലി: പൈലറ്റുമാരുൾപ്പെടെ ക്യാബിൻ ക്രൂവിനുള്ള നിർദ്ദിഷ്ട ക്ഷീണ മാനേജ്മെന്റ് നിയമങ്ങൾ ലഘൂകരിച്ചില്ലെങ്കിൽ വിമാനങ്ങൾ കൂട്ടത്തോടെ മുടങ്ങുന്ന അവസ്ഥയുണ്ടാകുമെന്ന് കേന്ദ്ര സർക്കാറിന് മുന്നറിയിപ്പ് നൽകി മുൻനിര വിമാനക്കമ്പനികളായ ഇൻഡിഗോയും എയർ ഇന്ത്യയും. വിമാന ഷെഡ്യൂളുകൾ തടസ്സപ്പെടുത്താനും വളർച്ചാ സാധ്യതകൾ പരിമിതപ്പെടുത്താനും നിർദിഷ്ട നിർദേശങ്ങൾ കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കത്തിൽ വ്യക്തമാക്കിയതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ഡിസംബറിൽ ഏകദേശം 4,500 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഒക്ടോബറിൽ നിർദ്ദേശിച്ച ക്യാബിൻ ക്രൂ നിയമങ്ങൾ, നിലവിലുള്ള 36 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി പ്രതിവാര വിശ്രമം ഉയർത്താനും രാത്രി പ്രവർത്തനങ്ങൾക്കുള്ള പരിധികൾ വിപുലീകരിക്കാനും ആവശ്യപ്പെട്ടിരുന്നു.
വിശ്രമം മെച്ചപ്പെടുത്തുന്നതിനായി ഫ്ലൈറ്റ് അറ്റൻഡന്റുമാർ ഓരോരുത്തരും ലേ ഓവറുകളിൽ ഹോട്ടൽ മുറി നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര വ്യോമയാന നിയമങ്ങൾ പ്രകാരം ഇത് ഒരു ആവശ്യകതയല്ല. എന്നാൽ ഇന്ത്യയ്ക്ക് പുറത്തുള്ള വിമാനക്കമ്പനികളിൽ ഇത് സാധാരണമാണ്. എന്നാൽ ഇത് ചെലവേറിയതെന്നാണ് ഇന്ത്യൻ എയർലൈൻ കമ്പനികൾ പറയുന്നത്.
പരിമിതമായ ഹോട്ടൽ ഇൻവെന്ററി കാരണം നിരവധി ആഭ്യന്തര, അന്തർദേശീയ വിമാനത്താവളങ്ങളിൽ സിംഗിൾ-റൂം താമസം നിർബന്ധമാക്കുന്നത് നിയന്ത്രണങ്ങൾ സൃഷ്ടിക്കുമെന്നും ജീവനക്കാരെ വിദൂരമോ അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ താമസിപ്പിക്കേണ്ടിവരുമെന്നും എഫ്‌ഐഎ വാദിച്ചു. കഴിഞ്ഞ ജൂണിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ അപകടത്തിന് ശേഷമാണ് ജീവനക്കാരുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്ന് സർക്കാർ കമ്പനികളോട് ആവശ്യപ്പെട്ടത്.
എന്നാൽ സർക്കാർ നിർദേശങ്ങൾ ദീർഘകാല വളർച്ചയെ പരിമിതപ്പെടുത്തുമെന്നും ആഗോള വിപണിയിൽ ഇന്ത്യൻ എയർലൈനുകളുടെ മത്സരശേഷി കുറയ്ക്കുമെന്നും എഫ്‌ഐഎ വാദിച്ചു. ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് കമ്പനികൾ കത്തയച്ചത്. നിയമങ്ങൾ നടപ്പിലാക്കുന്നതിന് നിശ്ചിത സമയപരിധിയില്ല. വ്യവസ്ഥകൾ പാലിച്ചാൽ ക്രൂ ഷെഡ്യൂളിംഗ് സങ്കീർണ്ണമാക്കുകയും റോസ്റ്റർ പ്രവചനക്ഷമത കുറയ്ക്കുകയും ചെയ്യുമെന്ന് എഫ്‌ഐഎയുടെ കത്തിൽ പറയുന്നു. പാകിസ്ഥാൻ ഏർപ്പെടുത്തിയ വ്യോമാതിർത്തി നിരോധനവും അഹമ്മദാബാദ് വിമാന അപകടവും കാരണം രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ എയർ ഇന്ത്യ സാമ്പത്തിക നഷ്ടം നേരിടുന്നു. റദ്ദാക്കലുകൾ കാരണം ഇൻഡിഗോ നിയന്ത്രണ പരിശോധന നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എഫ്‌ഐഎയുടെ സമ്മർദ്ദ തന്ത്രം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam