വിമാനത്താവളം അടച്ച് കാബൂള്‍; ഉദ്യോഗസ്ഥരെ മടക്കി കൊണ്ടുവരാന്‍ ആവില്ല, ചര്‍ച്ച ചെയ്ത് ഇന്ത്യ

By Web TeamFirst Published Aug 16, 2021, 1:06 PM IST
Highlights

അഫ്ഗാനിസ്ഥാനിലെ നാലു കോൺസുലേറ്റുകൾ അടച്ച് നേരത്തെ ഇന്ത്യ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. എന്നാൽ എംബസി അടയ്ക്കാൻ ഇതുവരെ തീരുമാനമില്ല.

ദില്ലി: കാബൂൾ വിമാനത്താവളവും അഫ്ഗാൻ വ്യോമമേഖലയും അടച്ച ഗുരുതര സാഹചര്യം നേരിടാനുള്ള വഴികളാലോചിച്ച് ഇന്ത്യ. എംബസി ഉദ്യോഗസ്ഥരെയും അഫ്ഗാനിലെ സുഹൃത്തുക്കളെയും എത്തിക്കാൻ അടിയന്തര പദ്ധതി തയ്യാറാക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം നടന്നു. ഐക്യരാഷ്ട്ര രക്ഷാസമിതി യോഗം ഇന്നലെ അടിയന്തരമായി ചേരാൻ ഇന്ത്യ ശ്രമം നടത്തിയിരുന്നു എന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ നാലു കോൺസുലേറ്റുകൾ അടച്ച് നേരത്തെ ഇന്ത്യ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. എന്നാൽ എംബസി അടയ്ക്കാൻ ഇതുവരെ തീരുമാനമില്ല. ഉദ്യോഗസ്ഥരെ മടക്കിക്കൊണ്ടുവരാൻ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് എയർ ഇന്ത്യ വിമാനം അയക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാൽ കാബൂൾ വിമാനത്താവളം അടച്ചതോടെ ഈ പദ്ധതി മുടങ്ങി. അഫ്ഗാൻ വ്യോമമേഖല അടച്ചതിനാൽ ഇതുവഴിയുള്ള എയർ ഇന്ത്യ വിമാനങ്ങളും ഗൾഫ് മേഖല വഴി തിരിച്ചുവിടുകയാണ്. 

സ്ഥിതി ആലോചിക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ഇന്നലെ ദില്ലിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ ഗനി സർക്കാരിലെ ചില മുതിർന്ന ഉദ്യോഗസ്ഥരും എംപിമാരുമുണ്ടായിരുന്നു. വ്യോമസേനയ്ക്കും തയ്യാറായിരിക്കാനുള്ള നിർദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യ ഉൾപ്പടെയുള്ള സുഹൃദ് രാജ്യങ്ങളുമായും സംസാരിക്കുന്നുണ്ട്. താലിബാൻ ഇത്തവണ കടുത്ത ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്ന സന്ദേശമാണ് നല്‍കിയിരിക്കുന്നത്. 

എന്നാൽ താലിബാനെ വിശ്വസിക്കാൻ ഒരുക്കമല്ലെന്നും സർക്കാർ വ്യത്തങ്ങൾ പറയുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ അദ്ധ്യക്ഷ സ്ഥാനം ഈ മാസം ഇന്ത്യയ്ക്കാണ്. ഇന്നലെ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കാനുള്ള നീക്കമുണ്ടായെന്നാണ് സൂചന. ഇക്കാര്യത്തിൽ സമവായം ഉണ്ടാകാത്ത സാഹചര്യത്തിൽ യോഗം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ദില്ലിയിലെ അഫ്ഗാൻ എംബസി ഇപ്പോഴും പ്രവർത്തനം തുടരുകയാണ്. എന്നാൽ എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട്  ചിലർ ഹാക്ക് ചെയ്തു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

അഫ്ഗാനിലെ സാഹചര്യത്തെക്കുറിച്ച് കരുതലോടെയാണ് ഇന്ത്യയുടെ പ്രതികരണം. തല്ക്കാലം താലിബാനെ തള്ളിയിട്ടില്ലെങ്കിലും രക്തചൊരിച്ചിൽ തുടങ്ങിയാൽ നിലപാട് മാറ്റും എന്ന സൂചനയാണ് ഇന്ത്യ നല്‍കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!