Latest Videos

അഫ്ഗാനില്‍ നിന്ന് 129 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു

By Web TeamFirst Published Aug 15, 2021, 7:22 PM IST
Highlights

കാബൂളില്‍ നിന്ന് പുറപ്പെട്ട വിമാനം രാത്രി ദില്ലിയിലെത്തും. കാബൂളില്‍ നിന്ന് ഇനി വിമാന സര്‍വീസ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് കാബൂളിലേക്കുള്ള ചാര്‍ട്ടര്‍ വിമാനം ഇന്ത്യ റദ്ദാക്കിയിരുന്നു.
 

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യയുടെ അവസാന യാത്രാ വിമാനം പുറപ്പെട്ടു. എഐ-244 വിമാനമാണ് 126 യാത്രക്കാരുമായി പുറപ്പെട്ടത്. കാബൂളില്‍ താലിബാന്‍ പ്രവേശിച്ചതോടെയാണ് എയര്‍ ഇന്ത്യ അവസാന സര്‍വീസ് നടത്തിയത്. കാബൂളില്‍ നിന്ന് പുറപ്പെട്ട വിമാനം രാത്രി ദില്ലിയിലെത്തും. കാബൂളില്‍ നിന്ന് ഇനി വിമാന സര്‍വീസ് ഉണ്ടാകുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് കാബൂളിലേക്കുള്ള ചാര്‍ട്ടര്‍ വിമാനം ഇന്ത്യ റദ്ദാക്കിയിരുന്നു.

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേറും എന്ന സാഹചര്യമുണ്ടായതോടെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും രാജ്യങ്ങള്‍ തിരിച്ചുവിളിക്കുകയാണ്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ തിരിച്ചെത്തിക്കാന്‍ 5000 സൈനികരെയാണ് രംഗത്തിറക്കിയത്. ബ്രിട്ടനും സൈനികരെ ഉപയോഗിച്ചാണ് സ്വന്തം ഉദ്യോഗസ്ഥരെ രാജ്യത്തെത്തിച്ചത്. അഫ്ഗാനില്‍ സൈന്യവും താലിബാനും പോരാട്ടം മുറുകിയതോടെ പൗരന്മാരോട് സുരക്ഷിതമായി ഇന്ത്യയിലെത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഏകദേശം ആയിരത്തോളം ഇന്ത്യക്കാര്‍ അഫ്ഗാനിലുണ്ടെന്നാണ് കണക്ക്. 

രാജ്യതലസ്ഥാനമായ കാബൂള്‍ നഗരത്തിലും താലിബാന്‍ പ്രവേശിച്ചതോടെ ഗവണ്‍മെന്റ് ഏത് നിമിഷവും താഴെ വീഴാമെന്ന അവസ്ഥയിലാണ്. രാജ്യത്തെ സ്ഥിതി ഗതികള്‍ പ്രസിഡന്റ് അശ്‌റഫ് ഗനി മറ്റ് നേതാക്കളുമായി ചര്‍ച്ച ചെയ്തു. അദ്ദേഹം ഉടന്‍ സ്ഥാനമൊഴിഞ്ഞ് താലിബാന്‍ കമാന്‍ഡര്‍ക്ക് അധികാരമേല്‍ക്കാനുള്ള സാഹചര്യം ഒരുക്കുമെന്ന് വിദേശ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യതലസ്ഥാനമായ കാബൂള്‍ നഗരത്തെ താലിബാന്‍ നാല് ഭാഗത്തും വളഞ്ഞിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!