വായുമലിനീകരണം അഞ്ച് വർഷം വരെ തടവോ ഒരു കോടി വരെ പിഴയോ ലഭിക്കാവുന്ന കുറ്റം; രാജ്യ തലസ്ഥാനത്തിനായി പുതിയ നിയമം

By Web TeamFirst Published Oct 29, 2020, 5:29 PM IST
Highlights

ദില്ലിയടക്കമുള്ള തലസ്ഥാന മേഖലയിൽ വായു മലിനീകരണമുണ്ടാക്കുന്നത് അഞ്ച് വർഷം വരെ  തടവോ ഒരു കോടി രൂപ വരെ പിഴയോ  ലഭിക്കാവുന്ന കുറ്റമാക്കി.

ദില്ലി: ദില്ലിയടക്കമുള്ള തലസ്ഥാന മേഖലയിൽ വായു മലിനീകരണമുണ്ടാക്കുന്നത് അഞ്ച് വർഷം വരെ  തടവോ ഒരു കോടി രൂപ വരെ പിഴയോ  ലഭിക്കാവുന്ന കുറ്റമാക്കി. വായു മലിനികരണം  തടയാൻ  ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന  ഓർഡിനൻസിലാണ് ശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

സുപ്രീംകോടതി വിഷയത്തിൽ കർശനനിലപാട് സ്വീകരിച്ചതോടെ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തിയത്. വായു മലിനമാക്കുന്നവർ  അഞ്ച് വർഷം വരെ  തടവോ ഒരു കോടി രൂപ വരെ പിഴയോ  ലഭിക്കുന്ന കുറ്റമാക്കി  ഓർഡിനൻസ് ഇറക്കി. 

ഓർഡിനൻസിന് രാഷ്ട്രപതി അംഗീകാരം നൽകിയതോടെ നിയമമായി. ഓർഡിനൻസ് പ്രകാരം മലിനീകരണം തടയാൻ സ്ഥിരം  കമ്മീഷൻ നിലവിൽ വരും. കമ്മീഷൻ ഉത്തരവുകൾ പാലിച്ചില്ലെങ്കിലാണ് തടവോ പിഴയോ ലഭിക്കുക.

18 അംഗ  കമീഷനിൽ ദില്ലി,  യുപി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ പ്രതിനിധികളുണ്ടാവും. സമിതിയുടെ മുഴുവൻ സമയ ചെയർപേഴ്‌സണെ കേന്ദ്രസർക്കാർ നിയമിക്കും. കമ്മീഷൻ ഉത്തരവുകൾ സിവിൽ കോടതികളിൽ ചോദ്യം ചെയ്യാനാകില്ല. ദേശീയ ഹരിത ട്രിബ്യൂണലിൽ  അപ്പീൽ നൽകാം.

click me!