
ദില്ലി: ദില്ലിയിൽ വായുമലിനീകരണ തോതിൽ കുറവുണ്ടെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത. കഴിഞ്ഞ ദിവസത്തെ സംബന്ധിച്ച് മലിനീകരണ തോതിൽ കുറവ് വന്നിട്ടുണ്ടെന്നും മലിനീകരണം കുറയ്ക്കുന്നതിനായി സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുണ്ടെന്നും രേഖ ഗുപ്ത അറിയിച്ചു. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ദില്ലിയിലെ വായുമലിനീകരണ തോത് കുത്തനെ ഉയർന്നിരുന്നു. നഗരത്തിൽ ശരാശരി വായുഗുണനിലവാരം 350 ആണ് രേഖപ്പെടുത്തിയത്.
പരിധി വിട്ട ആഘോഷം ദില്ലിയെ ശ്വാസം മുട്ടിക്കുകയാണ്. നിയന്ത്രണങ്ങൾ മറികടന്നും ദിവസങ്ങളോളം വ്യാപകമായി പടക്കം പൊട്ടിച്ചതും, അയൽ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് വ്യാപകമായതുമാണ് മലിനീകരണ തോത് കുത്തനെ കൂട്ടിയത്. നാലിടങ്ങളിൽ മലിനീകരണ തോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. അനുവദിനീയമായതിനേക്കാൾ പത്തിരട്ടിവരെ മലിനീകരണ തോത് ഉയർന്നിരിക്കുകയാണ്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള വായുമലിനീകരണം നിരീക്ഷിക്കുന്ന ഐക്യു എയറിന്റെ കണക്ക് പ്രകാരം ദില്ലി ലോകത്തിലെ നഗരങ്ങളിൽ വായുമലിനീകരണത്തിൽ ഒന്നാമതാണ്. പട്ടികയിൽ കൊൽക്കത്ത അഞ്ചാമതും മുംബൈ ഏഴാമതുമാണ്. ഡൽഹി-എൻസിആറിൽ ദീപാവലിക്ക് നിയന്ത്രണങ്ങളോടെ പടക്കം പൊട്ടിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ദീപാവലിയുടെ തലേന്ന് രാവിലെ 6 മണി മുതൽ വൈകുന്നേരം 7 മണി വരെയും ദീപാവലിയുടെ അന്ന് രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെയും അനുമതി നൽകി. പക്ഷേ പലരും കോടതിയുടെ നിർദേശങ്ങൾ ലംഘിച്ച് ആഘോഷങ്ങൾ രാത്രി വൈകിയും തുടർന്നു. നേരത്തെ പടക്കം നിർമ്മിക്കുന്നതിനും വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു.