തിരിച്ചിറക്കി വിമാനങ്ങൾ, വിമാനത്താവളങ്ങളിൽ കുടുങ്ങി യാത്രക്കാർ; പ്രതിസന്ധി ഇറാന്‍റെ വ്യോമപാത അടച്ചതോടെ

Published : Jun 14, 2025, 09:06 AM ISTUpdated : Jun 14, 2025, 09:10 AM IST
flight

Synopsis

എപ്പോൾ യാത്ര തുടങ്ങുമെന്ന് കൃത്യമായ വിവരം ലഭിക്കാതെ മണിക്കൂറുകളായി അന്താരാഷ്ട്ര യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

ദില്ലി: ഇറാൻ വ്യോമപാത അടച്ചതോടെ വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ യാത്ര തുടരാനാവാതെ തിരിച്ചെത്തുകയോ ചെയ്തതിനാൽ നിരവധി യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള പല വിമാനങ്ങളും വൈകുകയാണ്. പ്രധാനമായും യുഎസിലേക്കും യുകെയിലേക്കുമുള്ള വിമാനങ്ങളാണ് വൈകുന്നത്. ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതോടെയാണ് ഇറാനു മുകളിലുള്ള വ്യോമാതിർത്തി താൽക്കാലികമായി അടച്ചത്.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ സർവീസ് പൂർത്തിയാക്കാതെ തിരിച്ചെത്തുകയോ റദ്ദാക്കുകയോ ചെയ്യുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. എപ്പോൾ യാത്ര തുടങ്ങുമെന്ന് കൃത്യമായ വിവരം ലഭിക്കാതെ മണിക്കൂറുകളായി അന്താരാഷ്ട്ര യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്.

ഉത്തരാഖണ്ഡിൽ നിന്നുള്ള 33 കാരനായ അരുൺ നേഗി ഭാര്യയ്ക്കും നാല് വയസ്സുള്ള മകൾക്കുമൊപ്പം ലണ്ടനിലേക്ക് പോകാനാണ് വിമാനത്താവളത്തിൽ എത്തിയത്. അവർ യാത്ര ചെയ്യേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം ആദ്യം വൈകുമെന്ന് അറിയിച്ചു. പിന്നീട് റദ്ദാക്കുന്നതായി അറിയിച്ചു- "ഞങ്ങൾ രാവിലെ 6 മണിക്ക് വിമാനത്തിൽ കയറി. ഒരു മണിക്കൂറിലധികം വിമാനത്തിൽ ഇരുന്നു. രാവിലെ 7.30 ഓടെ വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിച്ചതോടെ തിരിച്ചിറങ്ങി. റീഫണ്ട് ചെയ്യുമെന്നാണ് പറയുന്നത്. ഞാൻ ലണ്ടനിലാണ് ജോലി ചെയ്യുന്നത്. അടിയന്തരമായി ജോലി സ്ഥലത്ത് എത്തേണ്ടതുണ്ട്. വേറെ വിമാനം ബുക്ക് ചെയ്യാൻ ശ്രമിക്കുന്നു"

ചിലരാകട്ടെ ഇതിനകം പുറപ്പെട്ട വിമാനത്തിലുള്ള പ്രിയപ്പെട്ടവരെ കാത്തുനിൽക്കുകയാണ്. 67കാരനായ രാജേന്ദ്ര സിംഗ് വിമാനത്താവളത്തിന് പുറത്ത്, മിലാനിൽ നിന്ന് യാത്ര തിരിച്ച മകളെ കാത്തിരിക്കുകയാണ്- "എന്റെ മകൾ സർബ്ജിത് മിലാനിൽ നിന്നാണ് വരുന്നത്. അവളുടെ വിമാനം രണ്ട് മണിക്കൂർ വൈകി ഇറ്റലിയിൽ നിന്ന് പുറപ്പെട്ടു. പക്ഷേ ഇതുവരെ ലാൻഡ് ചെയ്തിട്ടില്ല. വിമാനം ദുബൈയിലേക്ക് വഴിതിരിച്ചുവിടുമെന്ന് പറയുന്നത് കേട്ടു. എന്നാൽ ഇക്കാര്യം ഇതുവരെ വിമാന കമ്പനി സ്ഥിരീകരിച്ചിട്ടില്ല"- രാജേന്ദ്ര സിംഗ് പറഞ്ഞു.

കുറഞ്ഞത് 25 വിമാനങ്ങളെങ്കിലും റദ്ദാക്കുകയോ തിരികെയെത്തുകയോ വൈകുകയോ ചെയ്തെന്ന് എയർ ഇന്ത്യ അറിയിച്ചു. പലതും ഷാർജ, ദുബൈ, റിയാദ് തുടങ്ങിയ ഗൾഫ് വിമാനത്താവളങ്ങൾ വഴി തിരിച്ചുവിട്ടു.

PREV
Read more Articles on
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു