കവരത്തി: ചലച്ചിത്രപ്രവർത്തകയും ആക്റ്റിവിസ്റ്റുമായ അയ്ഷ സുൽത്താന കവരത്തി പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. അഭിഭാഷകന് ഒപ്പമാണ് അയ്ഷ സുൽത്താന കവരത്തി പൊലീസിന് മുമ്പാകെ ഹാജരായിരിക്കുന്നത്. 'സേവ് ലക്ഷദ്വീപ്' സമരത്തിന്‍റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷൻ ചർച്ചയിൽ 'ബയോ വെപ്പൺ' പരാമർശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ സി അബ്ദുൾ ഖാദർ ഹാജി നൽകിയ പരാതിയിലാണ് അയ്ഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദ്വീപ് പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച അയ്ഷ സുൽത്താനയ്ക്ക് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ജൂൺ 20-നകം പൊലീസിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ച ശേഷമായിരുന്നു കോടതി അയ്ഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം നൽകിയത്. ഒരാഴ്ചത്തേക്കാണ് അയ്ഷയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നലെയാണ് ഐഷ അഭിഭാഷകനൊപ്പം കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെത്തിയത്.
ഒരു ടെലിവിഷൻ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ കേന്ദ്രസർക്കാർ ലക്ഷദ്വീപിനെ നശിപ്പിക്കാൻ അയച്ച 'ബയോ വെപ്പൺ' ആണെന്നായിരുന്നു അയ്ഷ സുൽത്താന പറഞ്ഞത്. എന്നാൽ പ്രസ്താവന പിൻവലിച്ച് പിന്നീട് അയ്ഷ തന്നെ ഖേദം പ്രകടിപ്പിച്ചിരുന്നു. ദ്വീപിൽ കൊവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ മൂലം വലിയ രീതിയിൽ രോഗവ്യാപനമുണ്ടായെന്നും ഇത് ചൂണ്ടിക്കാട്ടാനാണ് ബയോ വെപ്പൺ എന്ന പരാമർശം നടത്തിയതെന്നും, അത് ബോധപൂർവമായിരുന്നില്ലെന്നും അയ്ഷയുടെ അഭിഭാഷകൻ കോടതിയിൽ വാദിക്കുകയും ചെയ്തു. എന്നാൽ കേന്ദ്രസർക്കാരിനെതിരെ മോശം പരാമർശം നടത്തിയ അയ്ഷ ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താനാണ് ഈ പ്രസ്താവന നടത്തിയതെന്നാണ് ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ പരാതിയിൽ ആരോപിക്കുന്നത്.
എന്നാൽ ബിജെപി അധ്യക്ഷന്‍റെ ഈ പരാതിക്കെതിരെ ലക്ഷദ്വീപിലെ ബിജെപിയിൽത്തന്നെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരുന്നത്. സുൽത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിലും പരാതിയിലും പ്രതിഷേധിച്ച് പന്ത്രണ്ടിലധികം പ്രവർത്തകർ പാർട്ടി വിടുകയും ചെയ്തിരുന്നു.
നീതിപീഠത്തിൽ തനിക്ക് പൂർണ വിശ്വാസം ഉണ്ടെന്നും അറസ്റ്റ് ചെയ്താലും ദ്വീപിലെ ജനങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഒരാഴ്ചത്തെ സന്ദർശനത്തിന് ലക്ഷദ്വീപിലെത്തിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ ഖോഡാ പട്ടേൽ ദില്ലിയിലേക്ക് മടങ്ങി. ദ്വീപിലെ ഇപ്പോഴത്തെ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായാണ് അഡ്മിനിസ്ട്രേറ്ററെ ദില്ലിക്ക് വിളിപ്പിച്ചതെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam