
ദില്ലി: ജെഎൻയു സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് പുറത്തുവിട്ട പ്രതിപ്പട്ടികയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ്. സംഘര്‍ഷത്തില്‍ ഐഷി ഘോഷ് അടക്കം ഏഴ് ഇടത് വിദ്യാര്‍ത്ഥി നേതാക്കളെ പ്രതിയാക്കി ദില്ലി പൊലീസ് പട്ടിക ഇറക്കിയിരുന്നു. ക്യാമ്പസിൽ മുഖം മൂടിയിട്ട് വന്നവരിൽ താനുണ്ടായിരുന്നോ എന്നും താൻ എന്ത് അക്രമമാണ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കണമെന്നും ഐഷി പറഞ്ഞു
ക്യാമ്പസിൽ മുഖം മൂടിയിട്ട് വന്നവരിൽ താനുണ്ടായിരുന്നോ ? ആക്രമണത്തിൽ പരിക്ക് പറ്റിയ വ്യക്തിയാണ് താൻ. എന്റെ വസ്ത്രത്തിൽ ഇപ്പോഴും രക്തക്കറയുണ്ട്. തങ്ങളുടെ കൂട്ടത്തിലുള്ള ആരും തെറ്റായി ഒന്നും ചെയ്തിട്ടില്ല. കോടതിയിൽ വിശ്വാസമുണ്ട്. ആരോപണങ്ങൾ പൊലീസ് കോടതിയിൽ തെളിയിക്കട്ടെയെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, ആക്രമണത്തിനിടിയിലെ ചിത്രങ്ങൾ പൊലീസ് മാധ്യമങ്ങൾക്ക് മുന്നിൽ പുറത്ത് വിട്ടിരുന്നു. എന്നാല്‍ തന്നെ ആരൊക്കെയാണ് ആക്രമിച്ചതെന്നും എങ്ങനെയാണ് അക്രമം നടന്നതെന്നും തന്റെ കൈയിലും തെളിവുണ്ടെന്ന് ഐഷി പറഞ്ഞു. അക്രമികൾ കാമ്പസിൽ അഴിഞ്ഞാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ താൻ നൽകിയ പരാതിയിൽ കേസെടുക്കാൻ പോലും പൊലീസ് തയാറായിട്ടില്ലെന്നും ഐഷി ഘോഷ് കൂട്ടിച്ചേർത്തു.
ദില്ലി പൊലീസ് പുറത്തുവിട്ട പ്രതിപ്പട്ടികയിൽ ഒന്‍പത് പേരില്‍ ഏഴ് പേരും ഇടത് വിദ്യാര്‍ത്ഥി സംഘടനകളിലുള്ളവരാണ്. വെറും രണ്ട് പേര്‍ മാത്രമാണ് എബിവിപി പ്രവര്‍ത്തകര്‍. ജനുവരി ഒന്ന് മുതൽ ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾ തടസപ്പെടുത്താനുള്ള തീരുമാനമാണ് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. സംഘര്‍ഷത്തിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങൾ സഹിതമാണ് ദില്ലി പൊലീസ് വാര്‍ത്താ സമ്മേളനത്തിൽ വിശദീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam