
ദില്ലി: ഛപാക് സിനിമ കാണാൻ കോൺഗ്രസ് പാർട്ടി പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റ് വിതരണം ചെയ്യുമെന്ന വാഗ്ദാനവുമായി ശശി തരൂർ എംപി. ജെഎൻയുവിൽ അക്രമത്തിനിരയായ വിദ്യാർത്ഥികളെ സന്ദർശിച്ച് അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ദീപിക പദുക്കോണിന് പിന്തുണ അറിയിക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. സിനിമ ബഹിഷ്കരിക്കാൻ കോൺഗ്രസ് തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദിപികയ്ക്ക് പിന്തുണ അറിയിക്കുന്നതിനായി കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ടിക്കറ്റ് നൽകാനാണ് തീരുമാനം. ആരോടും ഈ സിനിമ കാണരുതെന്ന് ആവശ്യപ്പെടില്ല. കാരണം, ധൈര്യത്തോടെ അവർ വിദ്യാർത്ഥികൾക്കൊപ്പം നിലകൊണ്ടു.
നിരവധി ബിജെപി നേതാക്കളാണ് ദീപിക പദുക്കോണിന്റെ ഛപാക് സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി രംഗത്ത് വന്നത്. മുഖം മൂടിയെത്തിയ ഒരു കൂട്ടം അക്രമികളുടെ അതിക്രൂര മർദ്ദനത്തിനിരയായ വിദ്യാർത്ഥികളെ സന്ദർശിക്കാൻ ദീപിക എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. കോൺഗ്രസ് നേതാക്കൾ ദര്യാഗഞ്ച് പ്രദേശത്തെ വിദ്യാർത്ഥികൾക്കായി സിനിമയുടെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. 2 മണിക്കുള്ള പ്രദർശനത്തിനായി 920 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഏകദേശം എണ്ണൂറിലധികം വിദ്യാർത്ഥികൾ ചിത്രം കാണാനെത്തിയിരുന്നു. ദീപിക നമ്മുടെ വിദ്യാർത്ഥികൾക്കൊപ്പം നിലകൊണ്ടു. ഇപ്പോൾ ദീപികയ്ക്കൊപ്പം നമ്മൾ നിൽക്കേണ്ട സമയമാണ്. ശശി തരൂർ കൂട്ടിച്ചേർത്തു. കോൺഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലും ചത്തീസ് ഗണ്ഡിലും സിനിമയ്ക്ക് നികുതിയിളവ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam