ജെഎൻയു ആക്രമണം: 'ഇന്ന് എന്റെ മകൾ, നാളെ അത് ഞാനാകാം, അല്ലെങ്കിൽ മറ്റൊരാൾ': ഐഷി ഘോഷിന്റെ അച്ഛൻ

By Web TeamFirst Published Jan 6, 2020, 3:40 PM IST
Highlights

''സംഭവത്തിന് ശേഷം അവളോട് സംസാരിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. അവിടെ ഉണ്ടായിരുന്നവരാണ് അക്രമണമുണ്ടായി എന്ന് എന്നോട് പറഞ്ഞത്. അഞ്ചു തുന്നലുകളുണ്ട് അവളുടെ തലയിൽ. ഞങ്ങൾ വളരെയധികം ആശങ്കയിലാണ്.'' അദ്ദേഹം കൂട്ടിച്ചേർത്തു.

ദില്ലി: ''ഇന്ന് അവർ എന്റെ മകളെ ആക്രമിച്ചു, നാളെ അത് ഞാനാകാം, അല്ലെങ്കിൽ മറ്റൊരാൾ,'' ജെഎൻയുവിൽ കഴിഞ്ഞ ഞായറാഴ്ച വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ നടന്ന മുഖംമൂടി ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന്റെ പിതാവിന്റെ വാക്കുകളാണിത്. ''സംഭവത്തിന് ശേഷം അവളോട് സംസാരിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. അവിടെ ഉണ്ടായിരുന്നവരാണ് അക്രമണമുണ്ടായി എന്ന് എന്നോട് പറഞ്ഞത്. അഞ്ചു തുന്നലുകളുണ്ട് അവളുടെ തലയിൽ. ഞങ്ങൾ വളരെയധികം ആശങ്കയിലാണ്.'' അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ മുഴുവൻ അവസ്ഥയും കലുഷിതമാണെന്നും ഇടതുപക്ഷക്കാർ എല്ലാവരും പ്രതിരോധത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഷിയും ഇടതുപക്ഷ പ്രസ്ഥാനത്തൊടൊപ്പമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫീസ് വർദ്ധനയെക്കുറിച്ച്  വിദ്യാർഥികളുമായി നേരിട്ട് സംസാരിക്കാത്തതിന്റെ പേരിൽ ഐഷി ഘോഷിന്റെ അമ്മ ജെഎൻയു വൈസ് ചാൻസലർ എം. ജഗദീഷ് കുമാറിനെ വിമർശിച്ചു. ‘'വിസി രാജിവയ്ക്കണം. അദ്ദേഹം ഒന്നും ചെയ്യുന്നില്ല. അദ്ദേഹം വിദ്യാർഥികളുമായി ആശയവിനിമയം നടത്തുന്നില്ല. നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട്. ഈ പ്രസ്ഥാനത്തിൽ അവളോടൊപ്പം ധാരാളം ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്. എല്ലാവർക്കും പരുക്കേറ്റു.'' ഐഷിയുടെ മാതാവ് പറഞ്ഞു. പ്രതിഷേധത്തിൽ നിന്ന് പിൻമാറാൻ താൻ ഒരിക്കലും മകളോട് ആവശ്യപ്പെടില്ലന്നും അവർ കൂട്ടിച്ചേർത്തു. 

ഞായറാഴ്ച രാത്രിയോടെ ജെഎൻയുവിൽ നടന്ന അക്രമസംഭവത്തിൽ മുഖംമൂടി ധരിച്ച, പെൺകുട്ടികളും ആൺകുട്ടികളും അടങ്ങുന്ന സംഘമാണ് വിദ്യാർത്ഥികളെയും അധ്യാപകരെയും അതിക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെ 28ഓളം ആളുകൾക്ക്  അതി​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

click me!