
ദില്ലി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് അജിത് ഡോവലിന്റെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി. രണ്ടാം മോദി സർക്കാർ അജിത് ഡോവലിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ സേവനം കൂടി കണക്കിലെടുത്ത് കാബിനറ്റ് റാങ്കോടെയാണ് വീണ്ടും നിയമനം നൽകിയിരിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കാബിനറ്റ് റാങ്ക് അനുവദിക്കുന്നത്. മുൻ വർഷങ്ങളിൽ സഹമന്ത്രിക്ക് തുല്യമായ സ്ഥാനമായിരുന്നെങ്കിൽ ഇക്കുറി അദ്ദേഹത്തിന്റെ സ്ഥാനം കേന്ദ്രമന്ത്രിമാർക്ക് തുല്യമാണ്. 2014 ൽ ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയ ഉടൻ ഇദ്ദേഹത്തെ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്നതിന് മുൻപ് കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയുടെ തലവനായിരുന്നു ഇദ്ദേഹം. ഉറിയിൽ നടത്തിയ മിന്നലാക്രമണവും പുൽവാമയിൽ സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിന് തിരിച്ചടിയെന്നോണം ബാലകോട്ട് നടത്തിയ ആക്രമണവും ഇദ്ദേഹം സുരക്ഷാ ഉപദേഷ്ടാവായിരുന്ന കാലത്താണ്.
രാജ്യത്ത് വീണ്ടും മോദി സർക്കാർ അധികാരത്തിലേറാൻ ഈ സൈനിക നീക്കങ്ങൾ സഹായിച്ചിട്ടുണ്ടാകാം എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. അതിനാലാണ് സേവന കാലത്തെ മികവ് കൂടി പരിഗണിച്ച് ഡോവലിന് കാബിനറ്റ് റാങ്ക് നൽകിയിരിക്കുന്നതെന്നാണ് കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam